ലണ്ടൻ: അഹമ്മദാബാദ് വിമാന അപകടത്തെ അതിജീവിച്ച ഏകയാളായ വിശ്വാസ് കുമാർ രമേശ്, തനിക്കും കുടുംബത്തിനും ഈ ദുരന്തം വരുത്തിവെച്ച ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ ക്ഷേമ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ പൈതൃകമുള്ള 40-കാരനായ ബ്രിട്ടീഷ് പൗരൻ ഒരു മാസം മുമ്പാണ് ലെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ, ഇപ്പോഴും അദ്ദേഹം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ബാധിച്ച് വിദഗ്ധ ചികിത്സ ആവശ്യമുള്ള ഘട്ടത്തിലാണ്.
അപകടത്തിൽ തന്‍റെ സഹോദരൻ അജയിനെ നഷ്ടപ്പെട്ട വിശ്വാസ്, മാനസികമായ കടുത്ത ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ‘ഇത് വളരെ വേദനാജനകമാണ്… ഞാൻ തകർന്നുപോയി’ എന്ന് ലെസ്റ്റർ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടക്കുന്നതിന് അദ്ദേഹം ഭാര്യയെ ആശ്രയിക്കുന്നു, മിക്ക ദിവസങ്ങളിലും റൂമിനുള്ളിൽ ഒതുങ്ങിക്കൂടുകയാണ് പതിവ് എന്നും വിശ്വാസ് പറഞ്ഞു.
ദുരന്തത്തിനുശേഷം കുടുംബത്തിൻ്റെ സാമ്പത്തിക തകർച്ച
അപകടം നടന്നതിനുശേഷം ദിയുവിലെ കുടുംബത്തിന്‍റെ മത്സ്യബന്ധന ബിസിനസ് തകർന്നു. ഇത് അവരെ കടുത്ത സാമ്പത്തിക ഞെരുക്കിലാക്കി. വിശ്വാസിനെ പ്രതിനിധീകരിക്കുന്ന യുകെ ആസ്ഥാനമായുള്ള അഭിഭാഷകനും ക്രൈസിസ് ഉപദേഷ്ടാവുമായ റാഡ് സീഗർ, വ്യക്തിപരമായി കുടുംബത്തെ കണ്ട് എയർ ഇന്ത്യ സിഇഒ കാമ്പൽ വിൽസൺ അവരുടെ സാഹചര്യം വിലയിരുത്താനും സമഗ്രമായ ഒരു ക്ഷേമ പാക്കേജ് നൽകാനും ആവശ്യപ്പെട്ടു. വിശ്വാസിന് അടിയന്തര സഹായം ആവശ്യമാണ്, അദ്ദേഹത്തിന്‍റെ പരിക്കുകൾ ശാരീരികവും മാനസികപരവുമായ വളരെ വലുതാണെന്ന് സീഗർ പറഞ്ഞു. എയർലൈൻ നൽകിയ 21,500 പൗണ്ടിന്‍റെ (ഏകദേശം 25 ലക്ഷം രൂപ) ഇടക്കാല നഷ്ടപരിഹാരം അദ്ദേഹത്തിൻ്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.































