“സിനിമകൾ കാണുകയും ആർത്തു വിളിക്കുകയും ആർത്തുല്ലസിക്കുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. അങ്ങനെ ഉള്ള അവരുടെ സ്നേഹം കിട്ടുക എന്നത് വളരെ മഹാഭാഗ്യം ആണ്” ഒരിക്കൽ ആരാധകരെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇത്. എന്നിരുന്നാലും പറ്റുമ്പോഴൊക്കെ ആരാധകരെ കാണാന്‍ മമ്മൂട്ടി സമയം കണ്ടെത്താറുണ്ട്. അത്തരത്തിലൊരു ഫാൻ വീഡിയോ ആണിപ്പോൾ വൈറൽ ആകുന്നത്.
മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്പെഷ്യൽ ചൈൽഡ് ആണ് മമ്മൂട്ടിയുടെ ആരാധിക. മമ്മൂട്ടിയെ കണ്ട ആരാധിക മനംമറന്ന് തുള്ളിച്ചാടുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം വില്ലന്മാർക്കിട്ട് നല്ല ഇടി കൊടുക്കണമെന്നും ഈ ആരാധിക പറയുന്നുണ്ട്. പ്രിയ ആരാധികയെ നെഞ്ചോട് ചേർത്ത് നിർത്തി ഫോട്ടോ എടുത്ത ശേഷം ആണ് മമ്മൂട്ടി അവിടെ വിട്ടത്. ‘ഇതാണ് മ്മ്ടെ മമ്മൂക്ക’ എന്നാണ് വീഡിയോ കണ്ട് പലരും കുറിക്കുന്നത്.