ഹോളിവുഡ്: 63 വര്‍ഷത്തിന് ശേഷം ഹോളിവുഡ് തൊഴിലാളി സമരത്താല്‍ നിശ്ചലമാകാന്‍ പോകുന്നു. പതിനൊന്ന് ആഴ്ചയായി തുടരുന്ന ഹോളിവുഡ് സിനിമ ടിവി എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കള്‍ കഴിഞ്ഞ രാത്രി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
വാൾട്ട് ഡിസ്നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇൻക് എന്നിവയുൾപ്പെടെയുള്ള സ്റ്റുഡിയോകളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആന്‍റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സുമായി ഒരു പുതിയ തൊഴിൽ കരാറിൽ ഏർപ്പെടുന്നതിനുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഏകദേശം 160,000 കലാകാരന്മാര്‍ ഉള്‍പ്പെടുന്ന സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് സമരം പ്രഖ്യാപിച്ചത്.
1960 ല്‍ നടനും പിന്നീട് പ്രസിഡന്‍റുമായ റൊണാൾഡ് റീഗൻ നേതൃത്വം നല്‍കിയ ഹോളിവുഡ് സമരത്തിന് ശേഷം ഹോളിവുഡില്‍ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും യൂണിയനുകളും ഒരേസമയം പണിമുടക്കുന്നത് ഇതാദ്യമാണ്.
അഭിനേതാക്കളുടെ സമരം യൂണിയനുകളുമായി ബന്ധമില്ലാത്ത സ്വതന്ത്ര പ്രൊഡക്ഷനുകൾ ഒഴികെ വന്‍ സ്റ്റുഡിയോകളുടെ അടക്കം സിനിമകളുടെയും ടെലിവിഷൻ ഷോകളുടെ നിർമ്മാണങ്ങളെ പ്രതിസന്ധിയിലാക്കി. ശമ്പള പരിഷ്കരണം, എഐയുടെ കടന്നുവരവ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പതിനൊന്ന് ആഴ്ച മുന്‍പ് ഹോളിവുഡിലെ എഴുത്തുകാര്‍ സമരം ആരംഭിച്ചത്.
സ്ട്രൈഞ്ചര്‍ തിംഗ്സ്, ദ ഹാന്‍റ്മെയിഡ് ടെയില്‍ തുടങ്ങിയ ജനപ്രിയ പരമ്പരകളുടെ നിർമ്മാണം സമരം മൂലം ബാധിച്ചിട്ടുണ്ട്. പണിമുടക്കുകൾ തുടർന്നാൽ ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവും പ്രഖ്യാപിക്കപ്പെട്ട വന്‍കിട ചിത്രങ്ങളുടെ റിലീസ് വയ്ക്കും എന്നാണ് റിപ്പോര്‍ട്ട്.
മാർവലിന്റെ “ബ്ലേഡ്”, “തണ്ടർബോൾട്ട്” തുടങ്ങിയ വന്‍ ചിത്രങ്ങളുടെ റിലീസുകൾ വൈകും എന്നാണ് വിവരം. അതേ സമയം റിലീസ് ചെയ്യാനിരിക്കുന്ന പല വന്‍കിട സിനിമകളുടെ പ്രമോഷൻ പരിപാടികൾ റദ്ദാക്കിയതായും വിവരമുണ്ട്.
നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള സ്ട്രീമിംഗ് സേവനങ്ങള്‍ ഇപ്പോള്‍ കൊറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാദേശിക ഭാഷാ കണ്ടന്‍റുകളാണ് പുതുതായി ഇറക്കുന്നത്. അതായത് ഹോളിവുഡ് പ്രൊഡക്ഷന്‍സ് വരുന്നില്ല. യുഎസ് വിനോദ വ്യവസായത്തിലെ ഉപഭോക്തൃ ചെലവിന്റെ 90% വും ടിവിക്കും ഡിജിറ്റൽ സബ്‌സ്‌ക്രിപ്‌ഷനുകൾ വഴിയാണ് ലഭിക്കുന്നത് എന്നതിനാല്‍ വന്‍ വരുമാന നഷ്ടമാണ് സമരത്താല്‍ ഉണ്ടാകാന്‍ പോകുന്നത് എന്നാണ് മുന്നറിയിപ്പ്.
സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡില്‍ ടോം ക്രൂസ്, ആഞ്ജലീന ജോളി, ജോണി ഡെപ്പ് എന്നിങ്ങനെയുള്ള എ-ലിസ്റ്റ് താരങ്ങൾ ഉൾപ്പെടെ 160,000 കലാകാരന്മാര്‍ ഉള്‍പ്പെടുന്നു. മെറിൽ സ്ട്രീപ്പ്, ബെൻ സ്റ്റില്ലർ, കോളിൻ ഫാരൽ എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ സമരത്തിന് അനുകൂലമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം ഈ സമരത്തില്‍ മുന്‍ നിര താരങ്ങളുടെ സാമ്പത്തിക കരാര്‍ ബാധകമല്ല. സാധാരണ എ-ലിസ്റ്റ നടന്മാര്‍ക്ക് സ്റ്റുഡിയോകളുമായി വ്യക്തിഗത കരാറാണ്. എന്നാല്‍ ഈ വന്‍ താരങ്ങള്‍ സമരത്തിന് പിന്തുണ നല്‍കുന്നത്. സമരം തീര്‍ക്കാനുള്ള ചര്‍ച്ചകളില്‍ സ്റ്റുഡിയോകള്‍ക്ക് വലിയ സമ്മര്‍ദ്ദമാകും.