പ്രമുഖ ഡയറി ബ്രാൻഡായ അമൂലിനെതിരായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അമൂലിന്റെ ഒരു ഉത്പന്നത്തില്‍ ഫംഗസ് ബാധയുണ്ടെന്ന തരത്തില്‍ പരാതി വന്നതോടെയാണ് ഇതില്‍ ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളുമെല്ലാം വ്യാപകമായിരിക്കുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമൂല്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് അമൂല്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്നാണ് ഈ വിശദീകരണത്തില്‍ അമൂല്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ ഉത്പന്നത്തിനെതിരായി വീഡിയോയിലൂടെ പരാതിപ്പെട്ടത് ആരാണോ അയാള്‍ ഇതുവരെയായിട്ടും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം എവിടെ നിന്നുള്ള ആളാണെന്ന് തുടങ്ങി മറ്റ് വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ലെന്നും തുടര്‍ന്നുള്ള വിശദീകരണത്തില്‍ കമ്പനി പറയുന്നു.
അമൂല്‍ ലസ്സി പാക്കറ്റിന്റെ സ്ട്രോ ഇടുന്ന ഹോളുകളെല്ലാം നേരത്തെ തന്നെ തുറന്ന അവസ്ഥയിലായതായാണ് പരാതിക്കാരൻ വീഡിയോയില്‍ കാണിച്ചിരുന്നത്. പുതിയ ലസ്സി പാക്കറ്റിലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നതെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നു. ഒരു കടയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നത് വ്യക്തം. പാക്കിംഗിലെ പിഴവിനെ കുറിച്ച് പറഞ്ഞ ശേഷം ഓരോ പാക്കറ്റുകളായി തുറന്നുകാണിക്കുമ്പോള്‍ ഫംഗസ് ബാധയേറ്റ് കഴിക്കാൻ സാധിക്കാത്ത വിധത്തില്‍ അഴുകിയ ലസ്സിയാണ് അകത്ത് കാണുന്നത്.
വീഡിയോയില്‍ കാണുന്നതെല്ലാം ശരിവച്ച അമൂല്‍, പക്ഷേ അത് തങ്ങളുടെ പിഴവാണെന്ന് ഏറ്റെടുക്കുന്നില്ല. തങ്ങള്‍ സുരക്ഷിതമായി മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാക്കിംഗ് നടത്തുന്നതെന്നും ലീക്ക് വന്നിട്ടുള്ള പാക്കറ്റുകള്‍ ഉപയോഗിക്കരുതെന്ന് പാക്കറ്റില്‍ തന്നെ തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ഇപ്പോള്‍ ചര്‍ച്ചയിലായിരിക്കുന്ന വീഡിയോ ഉപഭോക്താക്കളെ ആവശ്യമില്ലാതെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ് അതിനാല്‍ തങ്ങളുടെ വിശദീകരണവും ഏവരും പങ്കുവയ്ക്കണമെന്നും വിശദീകരണത്തിന്റെ അവസാനം അമൂല്‍ ആവശ്യപ്പെടുന്നു. എന്തെങ്കിലും പരാതികളുള്ളപക്ഷം ബന്ധപ്പെടേണ്ട ടോള്‍-ഫ്രീ നമ്പറും ഇവര്‍ കൂടെ നല്‍കിയിട്ടുണ്ട്.