ക്വീൻസ്ലാൻഡ്: ഫാർ നോർത്ത് ക്വീൻസ്ലാൻഡിന്റെ തീരത്തുള്ള ഹിഞ്ചിൻബ്രൂക്ക് ദ്വീപിൽ 2017 ഫെബ്രുവരിയിൽ സ്രാവിന്റെ ആക്രമണത്തിൽ നിന്ന് മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ‘വിസ്മയ ദർശന’മെന്ന് വെളിപ്പെടുത്തൽ. 3.5 മീറ്റർ നീളമുള്ള കൂറ്റൻ സ്രാവ് ആക്രമിച്ച വേളയിലെ അതിജീവന കഥ 33കാരനായ ഗ്ലെൻ ഡിക്സൺ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. നീന്തി മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്ലെൻ ഡിക്സണിനെ സ്രാവ് ആക്രമിച്ചത്.
‘‘ആദ്യം ഒരു ട്രക്ക് ഇടിച്ചത് പോലെയാണ് തോന്നിയത്. പിന്നെ എനിക്ക് വാഷിങ് മെഷീനിൽ അകപ്പെട്ടത് പോലെ അനുഭവപ്പെട്ടു. ശരീരം ഇതിനകം തന്നെ നീന്താൻ ശ്രമം തുടങ്ങി. ഇതിനിടെ സ്രാവ് മൂന്ന് തവണ കൂടി ആക്രമിക്കാൻ ശ്രമിച്ചു. അന്നേരം അതിശയകരമായ ദിവ്യവെളിച്ചം എന്നെ തേടി വന്നു. ആ വെളിച്ചത്തിൽ എന്റെ മകൾ ലൈലയെ ഞാൻ കണ്ടു. ലൈല ‘ഡാഡി, വീട്ടിലേക്ക് വരൂ’ എന്ന് എന്നോട് പറഞ്ഞു.
ഇത് എന്റെ ജീവിതത്തിന്റെ അവസാനമാണ്. എന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യുമെന്ന് അന്നേരം എനിക്ക് തോന്നി. അങ്ങനെ നടത്തിയ ശ്രമത്തിലാണ് രക്ഷപ്പെട്ടത് ’’ – സ്രാവിന്റെ ആക്രമണത്തെക്കുറിച്ച് ഗ്ലെൻ വെളിപ്പെടുത്തി.
സ്രാവിന്റെ ആക്രമണത്തിൽ വലത് കാലിലെ തുടയെല്ലിന്റെ നാലിലൊന്ന് മാത്രമാണ് അവശേഷിച്ചത്. ആ ദിവസം മുതൽ, ഡിക്സണിന് ആവർത്തിച്ചുള്ള പേടിസ്വപ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. മുയ് തായ് പരിശീലനം നടത്തി കഴിഞ്ഞ വർഷം അദ്ദേഹം കെയ്ൻസിൽ ഓസ്ട്രേലിയയിലെ ആദ്യമായി ഭിന്നശേഷിക്കാർക്കായി നടത്തിയ മിക്സഡ്-മാർഷൽ ആർട്സ് കേജ് ഫൈറ്റിൽ പങ്കെടുത്തു. ആക്രമണത്തിന് ശേഷമുള്ള വർഷങ്ങളിൽ ക്വീൻസ്ലാൻഡിൽ സ്രാവുകളെ കൊല്ലുന്നതിനെതിരെ ഗ്ലെൻ നിലപാട് സ്വീകരിച്ചു.
“സമുദ്രത്തിന്റെ പരിസ്ഥിതി വ്യവസ്ഥയ്ക്ക് നിർണായകമായ ഒരു ജീവിവർഗങ്ങത്തെയും നശിപ്പിക്കേണ്ടതില്ല. ഞങ്ങൾ വെള്ളത്തിലിറങ്ങി അവരുടെ ഭക്ഷണ സ്രോതസ്സുമായി പോരാടുന്നത് കൊണ്ടാണ് ഇതു സംഭവിക്കുന്നത്” – ഗ്ലെൻ നിലപാട് വ്യക്തമാക്കുന്നു. ഓസ്ട്രേലിയയിൽ സാധാരണയായി ശരാശരി പ്രതിവർഷം 20 സ്രാവ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.