ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ ഗുഡ് ഷെപ്പേഡ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ 11 വയസ്സുകാരി അനുഗ്രഹ ജോഷി എഴുത്തിന്റെ ലോകത്ത് വിസ്മയം തീർക്കുന്നു. പത്താം വയസ്സിൽ ‘Stranded on an Island’ എന്ന ആദ്യ പുസ്തകം എഴുതിയ ഈ കൊച്ചു മിടുക്കി ഇപ്പോൾ പതിനൊന്നാം വയസ്സിൽ നാലാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
‘Stranded on an Island’ എന്ന പുസ്തകം ഒരു അപ്രതീക്ഷിതമായ സംഭവത്തെക്കുറിച്ചാണ് പറയുന്നത്. അലങ്കാരപ്പകിട്ടാർന്ന ഒരു വലിയ കപ്പലിൽ യാത്ര ചെയ്യുകയായിരുന്ന ഒരു പെൺകുട്ടി അബദ്ധത്തിൽ കടലിൽ വീണുപോകുന്നു. തിരമാലകളിൽ ഉയർന്നും താഴ്ന്നും പെൺകുട്ടി ഒരു വിജനമായ ദ്വീപിലെത്തുന്നു. രക്ഷപ്പെടുമെന്ന പ്രതീക്ഷയോടെ ഒന്നര രണ്ടു ദിവസം അവൾ അവിടെ ദുരിതമയമായ ജീവിതം നയിക്കുന്നു. യാത്രാമധ്യേ മുന്നോട്ട് പോയ കപ്പൽ പിന്നീട് പെൺകുട്ടിക്കായി തിരികെ വരുന്നു. ഏറെ തിരച്ചിലിനൊടുവിൽ അദ്ഭുതകരമായി കണ്ടെത്തുന്നു. ഈ ഹൃദയസ്പർശിയായ കഥയാണ് അനുഗ്രഹയുടെ ആദ്യ പുസ്തകം. ഇത് ലണ്ടനിൽ പ്രിന്റ് ചെയ്യുകയും അടുത്ത മാസം 15ന് ബ്രിസ്‌ബേനിലെ ഗുഡ് ഷെപ്പേഡ് സ്കൂളിൽ വെച്ച് പ്രിൻസിപ്പൽ ക്രിസ്റ്റീൻ അയന്നിഡീസ് പ്രകാശനം ചെയ്യുകയും ചെയ്യും.
അനുഗ്രഹയുടെ ‘See the Stars’ എന്ന പുസ്തക പരമ്പര പ്രപഞ്ചത്തിലെ വിസ്മയങ്ങളും ഭീകരതയും നിറഞ്ഞ ഫാന്റസി ലോകമാണ് പങ്ക് വെക്കുന്നത്. ഇതിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ഇതിനോടകം യുകെയിൽ പ്രിന്റ് ചെയ്തു കഴിഞ്ഞു. ഓസ്‌ട്രേലിയൻ രൂപത മെത്രാൻ ജോണ്‍ പനന്തോട്ടത്തിൽ മെൽബണിൽ വെച്ച് ഈ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ‘The Cat’ ആണ് അനുഗ്രഹയുടെ നാലാമതായി പൂർത്തിയായ പുസ്തകം.
ഒരു പ്രത്യേകത എന്തെന്നാൽ ഈ പുസ്തകങ്ങളുടെ കവറും അകത്തെ ചിത്രീകരണങ്ങളും അനുഗ്രഹ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. എഴുത്തിനു പുറമെ ഫൊട്ടോഗ്രഫി, പെയിന്റിങ്, കരാട്ടെ, സ്റ്റോൺ ആർട്ട്, നൃത്തം, പരിസ്ഥിതി പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിലും ഈ കൊച്ചു കലാകാരി സജീവമാണ്. ഒഴിവു വേളകളിലും വെക്കേഷനുകളിലും യാത്ര ചെയ്യാനും ഫോട്ടോകൾ പകർത്താനും അനുഗ്രഹ ഏറെ ഇഷ്ടപ്പെടുന്നു.അനുഗ്രഹയുടെ മാതാപിതാക്കളായ ജോഷി തോമസും അലീന്റാ ജെയിംസും ഓസ്‌ട്രേലിയയിൽ ഉദ്യോഗസ്ഥരാണ്. ഒരു ഇളയ അനുജനും അനുഗ്രഹയ്ക്കുണ്ട്. ഈ കൊച്ചു പ്രതിഭയുടെ നേട്ടത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏറെ സന്തോഷത്തിലാണ്.































