തിരുവനന്തപുരം: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം തുടങ്ങി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. വനം വകുപ്പ് സി സി എഫ് ആർ എസ് അരുണിന്റെയും മൂന്നാർ ഡി എഫ് ഒ രമേശ് ബിഷ്നോയിയുടെയും നേതൃത്വത്തിലാണ് ദൗത്യം. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്‍റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു.
അരിക്കൊമ്പൻ ദൗത്യത്തിന് വനം വകുപ്പ് പൂര്‍ണ സജ്ജമെന്ന് സി സി എഫ് ആർ എസ് അരുൺ മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യ മേഖലയിൽ കൊമ്പൻ ഉണ്ടെന്നും വനം വകുപ്പ് അറിയിച്ചു. സൂര്യൻ ഉദിക്കുമ്പോൾ വെടി വയ്ക്കാനാണ് നീക്കം. ദൗത്യം വിജയകരമായി പൂര്‍ത്തിയക്കാൻ കഴിയുമെന്നും ഡോ. അരുൺ പ്രതികരിച്ചു. അതേസമയം, അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.