പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ സെമി ഫൈനലിന് ശേഷം വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും മുമ്പ് ശരീരഭാരം 4.6 കിലോ ഗ്രാം കുറയ്ക്കേണ്ടി വന്നതായി 57 കിലോ പുരുഷ ഗുസ്തിയിലെ ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് അമൻ സെഹ്രാവത്ത്. അടുത്ത 2 ഒളിംപിക്സിലും മെഡൽ നേടാൻ ശ്രമിക്കുമെന്നും അമൻ പാരീസിൽ ന്യൂസിനോട് പറഞ്ഞു. 100 ഗ്രാം അധിക ശരീരഭാരം കാരണം വനിതാ ഗുസ്തി ഫൈനലിന് മുമ്പ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട പശ്ചാത്തലത്തിലാണ് അമന്‍ താന്‍ 10 മണിക്കൂര്‍ കൊണ്ട് 4.6 കിലോ ഗ്രാം കുറച്ച കാര്യം വെളിപ്പെടുത്തിയത്.
ജപ്പാനീസ് താരം റൈ ഹിഗൂച്ചിക്കെതിരായ സെമി പോരാട്ടം അമന്‍ തോല്‍ക്കുന്നത് വ്യാഴാഴ്ച വൈകിട്ട് 6.30യോടെയാണ്. അതിനുശേഷം അമന്‍റെ ശരീരഭാരം നോക്കിയപ്പോള്‍ അനുവദനീയമായതിലും 4 കിലോ കടുതലായിരുന്നു. സെമി തോറ്റെങ്കിലും വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരിക്കേണ്ടതിനാല്‍ ഇന്ത്യൻ സംഘത്തിന് മുന്നില്‍ സമയം കളയാനില്ലായിരുന്നു. വിനേഷ് ഫോഗട്ടിന്‍റെ നിര്‍ഭാഗ്യം ആവര്‍ത്തിക്കരുതെന്ന വാശിയില്‍ അമന്‍റെ പരിശീലക സംഘത്തിലുള്ള ജഗ്മന്ദര്‍ സിംഗും വിരേന്ദര്‍ ദഹിയയും കഠിനാധ്വാനം ചെയ്തു.