ഓസ്‌ട്രേലിയൻ ടാക്‌സേഷൻ ഓഫീസ് (ATO) ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള നികുതി നിയമങ്ങളിൽ മാറ്റം വരുത്തി.പുതുക്കിയ നിയമം അനുസരിച്ച്, നികുതിദായകർക്ക് ഇപ്പോൾ മണിക്കൂറിന് 70 സെൻറ് വരെ ക്ലെയിം ചെയ്യാൻ സാധിക്കും. നേരത്തെ ഇത് മണിക്കൂറിന് 67 സെൻറ് ആയിരുന്നു. ഈ വർദ്ധനവ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ നികുതി ഇളവിൽ വർദ്ധനവുണ്ടാക്കുകയും, അതുവഴി ഈ വർഷത്തെ ടാക്സ് റിട്ടേൺ കൂടുതൽ നേടാൻ സഹായിക്കുകയും ചെയ്യും.
പുതിയ നിയമം 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. അതിനാൽ, 2024-25 സാമ്പത്തിക വർഷത്തിലെ വരുമാന നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ രീതി ഉപയോഗിക്കാം. നിശ്ചിത നിരക്ക് രീതി ഉപയോഗിക്കുമ്പോൾ, ഊർജ്ജം, ഇൻറർനെറ്റ്, മൊബൈൽ, ഫോൺ, സ്റ്റേഷനറി, കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ തുടങ്ങിയ അധിക ചിലവുകൾക്ക് ഈ നിരക്ക് ബാധകമാകും. എന്നാൽ, ഈ ഇനങ്ങളിൽ ഏതെങ്കിലും ഒന്നിന് പ്രത്യേക കിഴിവ് ക്ലെയിം ചെയ്യുകയാണെങ്കിൽ, ഈ രീതി ബാധകമാകില്ല.
ATO വക്താവ് പറയുന്നതനുസരിച്ച്, ഈ രീതി കണക്കുകൂട്ടലുകൾ ലളിതമാക്കാനും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള രേഖകൾ സൂക്ഷിക്കുന്നത് എളുപ്പമാക്കാനും ഉദ്ദേശിച്ചുള്ളതാണ്. നിശ്ചിത നിരക്ക് രീതി ഉപയോഗിക്കാത്തവർ, വീട്ടിലിരുന്ന് ജോലി ചെയ്തതിന്റെ യഥാർത്ഥ ചിലവുകൾ രേഖകൾ സഹിതം ക്ലെയിം ചെയ്യേണ്ടിവരും. ഓരോരുത്തരുടെയും സാഹചര്യങ്ങൾക്കനുരിച്ച് ഏറ്റവും അനുയോജ്യമായ രീതി തിരഞ്ഞെടുക്കാവുന്നതാണ്. കൃത്യമായ രേഖകൾ സൂക്ഷിക്കുകയാണെങ്കിൽ, ഏത് രീതി വേണമെങ്കിലും തിരഞ്ഞെടുക്കാൻ നികുതിദായകർക്ക് സ്വാതന്ത്ര്യമുണ്ട് എന്നും വക്താവ് കൂട്ടിച്ചേർത്തു.
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന അധിക ചിലവുകൾക്ക് ഒരു നിശ്ചിത നിരക്ക് ഈടാക്കുന്നത് വഴി നികുതിദായകർക്ക് പ്രയോജനം ലഭിക്കും. ജോലിസ്ഥലം വീട്ടിലാണെങ്കിൽ, ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി വരുന്ന അധിക ചിലവുകൾക്ക് ഈ നിയമം അനുസരിച്ച് ക്ലെയിം ചെയ്യാൻ സാധിക്കും. ഇതിന് സാധുവായ രേഖകളും ബില്ലുകളും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.































