ഒരു ‘ഇന്റർനാഷണൽ കല്യാണ’ത്തിന്റെ നിശ്ചയവേദിയായി മാറുകയായിരുന്നു ശനിയാഴ്ച പകൽ കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടൽ. മുതിർന്ന സി.പി.എം. നേതാവും മുൻ എൽ.ഡി.എഫ്. കൺവീനറുമായിരുന്ന എം.എം. ലോറൻസിന്റെ കൊച്ചുമകൻ തോമസ് ബോബനും ഓസ്ട്രേലിയക്കാരി ആലീസും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമ്പോൾ അത് ആ വീട്ടിലെ മൂന്നാമത്തെ ‘ഇന്റർനാഷണൽ’ കല്യാണത്തിൻ്റെ ആദ്യ പടിയായിരുന്നു.
തോമസിന്റെ സഹോദരൻമാരായ ജോൺ ഫിലിപ്പീൻസുകാരി മരീസയെയും ലോറൻസ് മെക്സിക്കോക്കാരി അരിയാനയെയുമാണ് വിവാഹം ചെയ്തിരിക്കുന്നത്. ജോണും ലോറൻസും ഇരട്ടകളാണ്. ഓസ്ട്രേലിയയിൽ നിയമ പഠനത്തിനിടയിലാണ് തോമസ് സിഡ്നി സ്വദേശിയായ ആലീസിനെ കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിൽ പ്രണയമായതോടെ ഇരുകുടുംബങ്ങളും ആലോചിച്ച് കല്യാണം ഉറപ്പിക്കുകയായിരുന്നു. രണ്ടു പേരും ഇപ്പോൾ സിഡ്നിയിൽ അഭിഭാഷകരായി ജോലി ചെയ്യുകയാണ്.
അതേസമയം തങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന മൂന്നാമത്തെ മരുമകളും വിദേശിയാകുമ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് ബോബനും സുജാതയും.
“ലോകം മാറുകയല്ലേ. അതിരുകളില്ലാത്ത സ്നേഹത്തിന്റെ കാലമല്ലേ ഇത്. ഈ വിവാഹങ്ങളിലൂടെ ഞങ്ങളുടെ കുടുംബവും സന്തോഷപൂർവം അതുൾക്കൊള്ളുകയാണ്”- ബോബൻ പറഞ്ഞു.






























