മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കിൾ സ്ലാറ്ററിന് ഗാർഹിക പീഡനത്തിന് നാല് വർഷം തടവ് ശിക്ഷ ലഭിച്ചു.എന്നാൽ, ഒരു വർഷത്തിലധികം തടവിൽ കഴിഞ്ഞതിനാൽ ശിക്ഷ ഭാഗികമായി സസ്‌പെൻഡ് ചെയ്യുകയും അദ്ദേഹം ജയിൽ മോചിതനാവുകയും ചെയ്തു.
ഗാർഹിക അതിക്രമം, ഭീഷണിപ്പെടുത്തൽ, രാത്രിയിൽ അതിക്രമിച്ചു കയറൽ, സാധാരണ മർദ്ദനം, ദേഹോപദ്രവം ഏൽപ്പിക്കൽ, ശ്വാസം മുട്ടിക്കൽ തുടങ്ങിയ നിരവധി കുറ്റങ്ങൾ സ്ലാറ്റർ സമ്മതിച്ചു. 2023 ഡിസംബറിനും കഴിഞ്ഞ വർഷം ഏപ്രിലിനുമിടയിലാണ് ഈ കുറ്റകൃത്യങ്ങൾ നടന്നത്. കൂടാതെ, ഗാർഹിക പീഡന സംരക്ഷണ ഉത്തരവ് ലംഘിച്ചതിനും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
മുൻപ് 2022ൽ സ്ലാറ്ററിനെതിരായ ഗാർഹിക പീഡന കേസ് മാനസികാരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് സിഡ്‌നിയിലെ പ്രാദേശിക കോടതി തള്ളിയിരുന്നു. അന്ന് അദ്ദേഹത്തിന് ഡോക്ടറുടെ മേൽനോട്ടത്തിൽ 12 മാസത്തെ ചികിത്സാ പദ്ധതി നിർദ്ദേശിച്ചിരുന്നു. ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷന്റെ റിപ്പോർട്ട് അനുസരിച്ച്, സ്ലാറ്ററിന് വിഷാദരോഗം, മദ്യപാനം, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, എഡിഎച്ച്ഡി എന്നിവ സ്ഥിരീകരിച്ചിട്ടുണ്ട്.
ക്വീൻസ്‌ലാൻഡിലെ ഒരു ജില്ലാ കോടതി ജഡ്ജി സ്ലാറ്ററിൻ്റെ മദ്യപാനത്തെക്കുറിച്ച് പരാമർശിച്ചു. അദ്ദേഹത്തിൻ്റെ പുനരധിവാസം എളുപ്പമായിരിക്കില്ലെന്നും മദ്യപാനം അദ്ദേഹത്തിൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. ഇരയെ ഭീഷണിപ്പെടുത്തരുതെന്നും ഉപദ്രവം റിപ്പോർട്ട് ചെയ്യരുതെന്നും സ്ലാറ്റർ മുന്നറിയിപ്പ് നൽകിയിരുന്നതായും സ്വയം ദ്രോഹിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കോടതിയിൽ ബോധിപ്പിച്ചു. കാലക്രമേണ അദ്ദേഹത്തിൻ്റെ പെരുമാറ്റം കൂടുതൽ ക്രമരഹിതമാവുകയായിരുന്നു എന്നും പറയപ്പെടുന്നു.
സ്ലാറ്റർ കുറ്റസമ്മതം നടത്തിയതും അനുതാപം പ്രകടിപ്പിച്ചതും ശിക്ഷയിൽ ഇളവ് നൽകാൻ കാരണമായി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്ലാറ്റർ ഗുരുതരമായ മറ്റെന്തെങ്കിലും കുറ്റം ചെയ്താൽ, ബാക്കിയുള്ള ശിക്ഷ അനുഭവിക്കാൻ വീണ്ടും ജയിലിലേക്ക് പോകേണ്ടിവരും. കുടുംബം താമസിക്കുന്ന ന്യൂ സൗത്ത് വെയിൽസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് സ്ലാറ്റർ കോടതിയെ അറിയിച്ചു.
1993 മുതൽ 2001 വരെ 74 ടെസ്റ്റ് മത്സരങ്ങളിൽ ഓസ്‌ട്രേലിയക്കായി കളിച്ച സ്ലാറ്റർ 14 സെഞ്ചുറികളടക്കം 5,000-ൽ അധികം റൺസ് നേടിയിട്ടുണ്ട്. 2004ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഒരു പ്രമുഖ ടിവി കമന്റേറ്ററായി പ്രവർത്തിച്ചു.































