മെൽബൺ പ്രശസ്‌ത ഓസ്ട്രേലിയൻ മോഡൽ ലൂസി മാർക്കോവിച്ച് (27) അന്തരിച്ചു സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ലൂസിയുടെ കുടുംബമാണ് വിയോഗവാർത്ത ലോകത്തെ അറിയിച്ചത്. 2015ൽ ‘ഓസ്ട്രേലിയാസ് നെക്‌സ്‌റ്റ് ടോപ് മോഡൽ’ എന്ന ഷോയിൽ റണ്ണറപ്പായതോടെയാണ് ലൂസി മാർക്കോവിച്ച് ജനശ്രദ്ധ നേടിയത്. വെർസേസ്, വിക്ടോറിയ ബെക്കാം തുടങ്ങിയ വമ്പൻ ഫാഷൻ ബ്രാൻഡുകളുടെ മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്ത ഫാഷൻ മാഗസീനുകളുടെ കവർഗേളായും പ്രത്യക്ഷപ്പെട്ടു.
തനിക്ക് ആർട്ടീരിയോവെനസ് മാൽഫോർമേഷൻ (എവിഎം) എന്ന രോഗം ബാധിച്ചതായും ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നും മൂന്നാഴ്ച മുൻപ് ലൂസി വെളിപ്പെടുത്തിയിരുന്നു. മസ്‌തിഷ്കാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന രോഗവസ്‌ഥയാണ് എവിഎം. താൻ നാല് വർഷമായി ഈ രോഗാവസ്‌ഥയിലൂടെ കടന്നു പോകുകയാണെന്നും ചില സമയങ്ങളിൽ അപസ്‌മാരം ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രം പങ്കുവച്ചു കൊണ് ലൂസി സമൂഹമാധ്യമത്തിൽ വ്യക്‌തമാക്കി.
ലൂസി ജീവിതത്തിനായി പോരാടുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്നും അഭ്യർത്ഥിച്ച് മണിക്കൂറുകൾക്ക് ശേഷം, അവരുടെ പങ്കാളി കാർലോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ദുഃഖകരമായ വാർത്ത അറിയിച്ചത്.
“പ്രിയ സുഹൃത്തുക്കളേ, കുടുംബാംഗങ്ങളേ, ലൂസി വിടവാങ്ങി എന്ന് ഖേദത്തോടെ അറിയിക്കുന്നു. അവൾ സമാധാനത്തിലായിരുന്നു. ഞാനും അവളുടെ അമ്മയും എന്റെ അമ്മയും അവളോടൊപ്പം ഉണ്ടായിരുന്നു. ഈ ദുഃഖകരമായ സമയത്ത് ഞങ്ങൾക്ക് സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ലൂസിക്ക് നിത്യശാന്തി ലഭിക്കട്ടെ,” അദ്ദേഹം എഴുതി.
ലൂസി മാർക്കോവിച്ചിന്റെ അകാല വിയോഗം മോഡലിംഗ് ലോകത്ത് വലിയ ദുഃഖമുണ്ടാക്കി.































