ടോക്കിയോ: ഉറ്റവരുടെ കുഴിമാടത്തിൽ ബന്ധുക്കൾ ആദര പൂർവ്വം വച്ച ബിയർ എടുത്ത് കുടിച്ച് വിനോദ സഞ്ചാരിയുടെ വൈറൽ വീഡിയോ. പിന്നാലെ വിനോദ സഞ്ചാരികൾക്ക് കർശന മുന്നറിയിപ്പുമായി എംബസി. ജപ്പാനിലാണ് സംഭവം. ഓസ്ട്രേലിയയിൽ നിന്നുള്ള വിനോദ സഞ്ചാരിയും യുട്യൂബറുമാണ് വൈറൽ വീഡിയോയ്ക്കായി വിവാദ നടപടി ചെയ്തത്. ലോച്ചി ജോൺസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഓഗസ്റ്റ് ആദ്യവാരം പുറത്ത് വന്നത്. സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിൽ വച്ച കാനിലുള്ള പാനീയമാണ് ഇയാൾ കുടിച്ചത്. ഇതിന് ശേഷം പരേതന് വിഷമം ഉണ്ടാവാതിരിക്കാൻ രണ്ട് സിഗരറ്റ് കല്ലറയിൽ വച്ച് ഇയാൾ പോവുന്ന വീഡിയോ വലിയ രീതിയിൽ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാനിലെ ഓസ്ട്രേലിയൻ എംബസി വിനോദ സഞ്ചാരികൾക്ക് തദ്ദേശീയരുടെ വികാരം വ്രണപ്പെടുത്തുന്ന നടപടികളിൽ ഏർപ്പെടരുതെന്ന മുന്നറിയിപ്പ് നൽകിയത്.
https://www.instagram.com/reel/DM7La-5u_5B/?utm_source=ig_web_button_share_sheet
സെമിത്തേരികൾ എല്ലാ രാജ്യത്തും വൈകാരികമായ ഇടങ്ങളാണെന്നും ഇയാളെ ഇനി ഒരിക്കലും ജപ്പാനിലേക്ക് പ്രവേശിപ്പിക്കരുതെന്നുമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. വലിയ രീതിയിൽ വീഡിയോ വിവാദമായതിന് പിന്നാലെയാണ് ചൊവ്വാഴ്ച എംബസി മുന്നറിയിപ്പ് നൽകിയത്. വിവാദ വീഡിയോ ചൂണ്ടിക്കാണിച്ചാണ് എംബസി മുന്നറിയിപ്പ് നൽകിയത്. ഇതിന് പിന്നാലെ തന്റെ നടപടികളിൽ ക്ഷമാപണം നടത്തി ലോച്ചി ജോൺസും വീഡിയോ പുറത്ത് വിട്ടിരുന്നു.