ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ട സിഡ്നിയിൽ നടന്നു. അന്താരാഷ്ട്ര വിപണിയിൽ 816 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 3 മില്യൺ ഇടപാടുകൾക്ക് ആവശ്യമായ അളവ്) വിലമതിക്കുന്ന 2.7 ടൺ കൊക്കെയ്ൻ ആണ് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) പിടിച്ചെടുത്തത്.
രഹസ്യ ബങ്കറുകളിലെ ഒളിത്താവളം
വെസ്റ്റേൺ സിഡ്നിയിലെ ലണ്ടൻഡെറിയിലുള്ള ഒരു ഫാമിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഇവിടെ പാർക്ക് ചെയ്തിരുന്ന മൂന്ന് ഷിപ്പിംഗ് കണ്ടെയ്നറുകളുടെ തറഭാഗം വ്യാജമായി നിർമ്മിച്ച്, അതിനടിയിൽ പ്രത്യേകം തയ്യാറാക്കിയ ഭൂഗർഭ ബങ്കറുകളിലാണ് പ്ലാസ്റ്റിക് ടബ്ബുകളിലാക്കി കൊക്കെയ്ൻ ഒളിപ്പിച്ചിരുന്നത്.
പ്രതികൾ വലയിൽ
പോലീസ് റെയ്ഡിനിടെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച 21-ഉം 25-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള അതീവ ഗൗരവമേറിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് വരെ ലഭിക്കാം.
കഴിഞ്ഞ മേയ് മാസത്തിൽ ക്വീൻസ്‌ലാൻഡിലെ മിഡ്‌ജ് പോയിന്റിൽ കടലിൽ ഒഴുക്കിവിട്ട നിലയിൽ 40 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്ന് ആരംഭിച്ച ‘ഓപ്പറേഷൻ മിൻജിയാങ്’ എന്ന സംയുക്ത അന്വേഷണത്തിന്റെ തുടർച്ചയായാണ് ഈ വൻ വേട്ട നടന്നത്. ക്വീൻസ്‌ലാൻഡ് തീരത്തുകൂടി ഓസ്‌ട്രേലിയയിലേക്ക് കടത്തിയ മയക്കുമരുന്ന്, സിഡ്നി കേന്ദ്രീകരിച്ചുള്ള ഒരു സംഘടിത ക്രിമിനൽ മാഫിയയുടെ നിർദ്ദേശപ്രകാരമാണ് സിഡ്നിയിലേക്ക് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ‘എംവി വെൽത്ത്’ (MV Wealth) എന്ന കപ്പൽ സോളമൻ ദ്വീപിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.































