തിരുവനന്തപുരം: കേരളത്തിലെ കുടുംബശ്രീ കൂട്ടായ്മയ്ക്ക് ഇന്ന് 26 വയസ് തികയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക തലത്തില്‍ സംരംഭങ്ങള്‍ ആരംഭിച്ചു കൊണ്ട് തുടങ്ങിയ കുടുംബശ്രീ, ഇന്ന് നിയമസഹായവും കൗണ്‍സലിംഗും വായ്പാ സംവിധാനവും സാംസ്‌കാരിക പ്രവര്‍ത്തനവുമായി ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 1998ല്‍ ആരംഭിച്ച കുടുംബശ്രീയില്‍ മൂന്ന് ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം പേര്‍ അംഗങ്ങളാണ്. സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ വൈവിധ്യമാര്‍ന്ന ഇടപെടലുകളുമായി വലിയൊരു ചാലകശക്തിയായി കുടുംബശ്രീ മാറി. കുടുംബശ്രീയെ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുമുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തി വരുകയാണെന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.