ജന്തുജന്യ രോഗങ്ങള്‍ ഇത് വരെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അന്റാര്‍ട്ടിക്കയില്‍ ചരിത്രത്തില്‍ ഇതാദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു.ബേഡ് ഐലൻഡിലെ ബ്രൗണ്‍ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി (H5N1) ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദേശാടന പക്ഷികളില്‍ പെടുന്ന ഒരിനം പക്ഷികളാണിവ. യുകെയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൻതോതില്‍ പക്ഷികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍ പക്ഷികളുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയക്കുന്നത്.
പക്ഷിപ്പനി വ്യാപകമായ തെക്കേ അമേരിക്കൻ പ്രദേശങ്ങളില്‍ ദേശാടനത്തിന് പോയപ്പോഴാകാം ബ്രൗണ്‍ സ്കുവകള്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതപ്പെടുന്നത്. ചിലി, പെറു എന്നിവിടങ്ങളില്‍ പക്ഷിപ്പനി മൂലം 5 ലക്ഷത്തിലധികം കടല്‍പ്പക്ഷികളാണ് ചത്തൊടുങ്ങിയത്. പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിനിടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപ്പനി. ഇൻഫ്ളുവൻസ വൈറസായ ഇത് സ്രവങ്ങളില്‍ നിന്നാണ് പകരുന്നത്. രോഗാണുക്കളുള്ള പക്ഷിക്കൂട്, തീറ്റ, തൂവല്‍ എന്നിവ വഴിയും രോഗം പടരുന്നു.
ദക്ഷിണ ജോര്‍ജിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി, ഫോക്ക്‌ലാൻഡ് ദ്വീപുകളില്‍ നിന്ന് ഏകദേശം 600 മൈല്‍ തെക്ക്- കിഴക്കുള്ള ദ്വീപാണ് ബേഡ് ഐലൻഡ്. നിലവില്‍ 50,000 ജോഡി പെൻഗ്വിനുകളുടെയും 65,000 ജോഡി ഫര്‍ സീലുകളുടെയും വാസസ്ഥലമാണ് ഇവിടം. പക്ഷിപ്പനി ബാധ ഇവയുടെ നിലനില്‍പ്പിനെ കൂടി ബാധിക്കുമോയെന്ന ഭയം ഗവേഷകര്‍ക്കുണ്ട്. ഈ രണ്ട് ജീവജാലങ്ങളിലും പക്ഷിപ്പനി അതി വേഗത്തില്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുണ്ട്.