മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ ആദ്യത്തെ ഇടയനായി സ്തുത്യർഹ സേവനം കാഴ്ചവെച്ചശേഷം ഇന്ത്യയിലേക്കു മടങ്ങുന്ന ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന് മെൽബൺ വിമാനത്താവളത്തിൽ സ്നേഹോഷ്മള യാത്രയയപ്പ്. ഒഡീഷയിലെ കോരാപുട് പ്രദേശത്തെ പ്രേഷിത ദൗത്യമാണ് അടുത്ത ചുമതലയായി പിതാവ് സ്വയം ഏറ്റെടുത്തത്.
75 വയസ് പൂർത്തിയായിനെ തുടർന്നാണ് കാനോനിക നിയമപ്രകാരം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ വിരമിച്ചത്. കഴിഞ്ഞ മെയ് 31-ന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ മെൽബൺ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി മാർ ജോൺ പനന്തോട്ടത്തിൽ സ്ഥാനമേറ്റിരുന്നു. അന്നു നടന്ന സമ്മേളനത്തിൽ മാർ ബോസ്കോ പുത്തൂരിന് ഓസ്ട്രേലിയൻ വിശ്വാസ സമൂഹം ഔദ്യോഗികമായ യാത്രയയപ്പും നൽകിയിരുന്നു. വിരമിച്ചാലും സഭാപാരമ്പര്യമനുസരിച്ച് ജീവിതാന്ത്യം വരെ ബിഷപ്പ് മെൽബൺ രൂപതാംഗമായിരിക്കും. പിതാവിനെ യാത്രയാക്കാൻ മാർ ജോൺ പനന്തോട്ടത്തിൽ, വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി എന്നിവരും രൂപതയിൽനിന്നുള്ള വിശ്വാസികളും ഒപ്പമുണ്ടായിരുന്നു.’ഒഡീഷയിലെ മിഷൻ പ്രവർത്തനങ്ങളോടുള്ള അങ്ങയുടെ അചഞ്ചലമായ സമർപ്പണത്തിന് ഞങ്ങൾ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. പിതാവിന്റെ അശ്രാന്ത പരിശ്രമങ്ങൾ ഞങ്ങൾക്കെല്ലാം പ്രചോദനത്തിന്റെ ഉറവിടമാണ്. അങ്ങ് സേവിക്കുന്ന ആളുകളുടെ ജീവിതത്തിൽ ചെലുത്തുന്ന നല്ല സ്വാധീനത്തിന് ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും.
പിതാവിന്റെ ജീവിതം മഹത്തായ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്താൽ അനുഗ്രഹീതമാകട്ടെ. അങ്ങയുടെ പ്രതിബദ്ധത അനുകമ്പയുടെയും സേവനത്തിന്റെയും യഥാർത്ഥ സത്തയെ പ്രതിഫലിപ്പിക്കുന്നു, ഈ അർത്ഥവത്തായ യാത്രയിൽ പിതാവിനൊപ്പം നിൽക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു’ – മാർ ബോസ്കോ പുത്തൂരിന് ആശംസ നേർന്ന് മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ ഫേസ്ബുക്ക് പേജിൽ കുറിച്ച വരികളാണിത്.2014-ലാണ് മെൽബൺ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഓസ്ട്രേലിയയിലെ സിറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായും ന്യുസിലാൻഡിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായും മാർ ബോസ്കോ പുത്തൂർ ചുമതലയേറ്റത്. ഓസ്ട്രേലിയയുടെ വിവിധ നഗരങ്ങളിൽ ചിതറിക്കിടന്ന സിറോ മലബാർ വിശ്വാസികളെ ഒരുമിപ്പിക്കാൻ ബിഷപ്പ് ബോസ്കോ പുത്തൂർ അക്ഷീണം പ്രയത്നിച്ചിരുന്നു.