ഗോൾഡ് കോസ്റ്റ്, ഓക്സൻഫോർഡ് : ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് ഓക്സെൻഫോർഡിൽ നടന്ന വള്ളംകളി മത്സരം, പ്രവാസി മലയാളികൾക്ക് കേരളത്തിലെ ജലോത്സവങ്ങളുടെ ആവേശം സമ്മാനിച്ച് ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ, കേരളത്തിന്റെ തനത് വള്ളംകളി സംസ്കാരം ഓസ്ട്രേലിയൻ മണ്ണിൽ പുനരവതരിപ്പിച്ചു. കേരളത്തിലെ പുഴകളിലും കായലുകളിലും കാണുന്ന ആവേശം നിറഞ്ഞ കാഴ്ചകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ പരിപാടി.
ഓസ്ട്രേലിയയിലെ ഓക്സെൻഫോർഡിലെ ഡാമിയൻ ലീഡിങ് പാർക്കിൽ, ചുണ്ടൻവള്ളങ്ങളും ചെറുചുണ്ടനും ഇരുട്ടുകുത്തിയും ഉൾപ്പെടെയുള്ള കളിവള്ളങ്ങൾ ആവേശകരമായ മത്സരത്തിൽ പങ്കെടുത്തു. ഇത് പ്രവാസി മലയാളികളുടെ മനസ്സിൽ പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളിയുടെയും ആറന്മുള വള്ളംകളിയുടെയും ഓർമകൾ ഉണർത്തി. കരയിൽ തടിച്ചുകൂടിയ കാണികൾ ആർപ്പുവിളിച്ചും കയ്യടിച്ചും മത്സരാർഥികൾക്ക് ആവേശം പകർന്നു. സ്ത്രീകളും പുരുഷന്മാരും ഒരേപോലെ പങ്കെടുത്ത മത്സരം, നാടിന്റെ കൂട്ടായ്മയുടെയും ആഘോഷത്തിന്റെയും പ്രതീകമായി മാറി.
കൈരളി ബ്രിസ്ബേൻ സംഘടിപ്പിച്ച ഈ വള്ളംകളി മത്സരം, വി.പി. ഉണ്ണികൃഷ്ണൻ മെമ്മോറിയലിന്റെ ഭാഗമായി ഡാമിയൻ ലീഡിങ് പാർക്ക് സെപ്റ്റംബർ 20-നാണ് നടന്നത്. തിയോഡോറിന്റെ എംപി, മാർക്ക് ബൂത്തൻ, പരിപാടി ഉദ്ഘാടനം ചെയ്തു. കേവലം ഒരു മത്സരത്തിനപ്പുറം, കുടുംബങ്ങൾക്കും കുട്ടികൾക്കും ഒത്തുചേരാനും കേരളീയ കലയും സംസ്കാരവും അടുത്തറിയാനും ഇത് അവസരം നൽകി.
വള്ളംകളിക്ക് ആവേശം പകർന്ന മറ്റൊരു ഘടകം ചെണ്ടമേളമായിരുന്നു. കേരളത്തിന്റെ തനത് വാദ്യകലയായ ചെണ്ടമേളം, മത്സരത്തിന്റെ ആവേശത്തിനൊപ്പം ചേർന്ന് ആസ്വാദകർക്ക് പുതിയ അനുഭവം നൽകി. ചെണ്ടയുടെ താളവും വള്ളംപാട്ടുകളുടെ ഈണവും ചേർന്നപ്പോൾ, ഗോൾഡ് കോസ്റ്റ് ഒരു നിമിഷം കേരളത്തിലെ കായൽ തീരങ്ങളായി മാറി