ലാപാസ്: ഗാസ മുനമ്പിലെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ. അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിച്ചു. മൂന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങളും ഗാസയ്ക്കെതിരായ ആക്രമണത്തെ അപലപിച്ചു.
ഗാസ മുനമ്പിൽ നടക്കുന്ന ആക്രമണോത്സുക ഇസ്രയേൽ സൈനിക നടപടിയെയും മാനവികതയ്ക്കെതിരായ കുറ്റത്തെയും അപലപിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചെന്നാണ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രെഡി മമാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഗാസയിലേക്ക് സഹായം അയക്കുമെന്ന് മന്ത്രി മരിയ നെല പ്രദയും അറിയിച്ചു. ഗാസ മുനമ്പിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പലസ്തീനികളുടെ നിർബന്ധിത കുടിയിറക്കത്തിനും കാരണമായെന്ന് മന്ത്രി പറഞ്ഞു.
ബൊളീവിയ ഭീകരവാദത്തിനും ഇറാനിലെ ആയത്തുള്ള ഭരണകൂടത്തിനും കീഴടങ്ങുന്നുവെന്നാണ് ഇസ്രയേലിന്‍റെ പ്രതികരണം.
അതേസമയം ഹമാസ് ബൊളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. അറബ് രാജ്യങ്ങളോട് സമാന നിലപാടെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ബൊളീവിയയുടെ അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും അംബാസഡർമാരെ തിരിച്ചുവിളിച്ചു. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ അസ്വീകാര്യമായ ലംഘനമാണ് നടക്കുന്നതെന്നും ഇസ്രയേല്‍ ഗാസയിലെ സാധാരണ ജനങ്ങളെ ശിക്ഷിക്കുകയാണെന്നും ചിലിയന്‍ പ്രസിഡന്‍റ് ഗബ്രിയേല്‍ ബോറിക് പ്രതികരിച്ചു. പലസ്തീൻ ജനതയെ ഇസ്രയേല്‍ കൂട്ടക്കൊല ചെയ്യുകയാണെന്ന് കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ വിമര്‍ശിച്ചു.
മെക്സിക്കോ, ബ്രസീല്‍ എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസ മുനമ്പിനെ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഭ്രാന്ത് എന്നാണ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവ പറഞ്ഞത്.
ഗാസയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം പൂര്‍ണമായി വിച്ഛേദിച്ച ആദ്യ രാജ്യമാണ് ബൊളീവിയ. ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. 240 പേരെ ഹമാസ് ബന്ദികളാക്കി. ഇസ്രയേലിന്‍റെ പ്രത്യാക്രമണത്തില്‍ 8525 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ദിവസവും ഗാസയില്‍ 500 കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യന്നുവെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്.