ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പില്‍ ഹെയ്തിക്കെതിരായ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളുടെയും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളിന്റെയും മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലില്‍ കുഞ്ഞന്മാരായ ഹെയ്തിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും പിറന്നിരുന്നു. ഫൈനല്‍ വിസില്‍ വരെ മികച്ച പ്രതിരോധം തീര്‍ത്ത് ഈ ലീഡ് നിലനിര്‍ത്താന്‍ ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്കായി.
ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീലിന് ഈ വിജയം വലിയ ആശ്വാസമാണ് നല്‍കുന്നത്. പരിക്കിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വിശ്രമത്തിലുള്ള സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. മറുവശത്ത്, ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും, തങ്ങളുടെ വേഗതയിലൂടെ ബ്രസീലിന് മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ ഹെയ്തിക്ക് കഴിഞ്ഞു. 1974-ന് ശേഷം ആദ്യമായാണ് ഹെയ്റ്റി ലോകകപ്പ് കളിക്കാന്‍ എത്തുന്നത്.































