അവധിക്കാലത്തും മറ്റും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴി നടക്കുന്ന വ്യാജ റെന്റ് എ കാർ (Rent-a-Car) തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള മോട്ടോർ വാഹന വകുപ്പ്.
സ്വകാര്യ രജിസ്‌ട്രേഷനിലുള്ള (വെള്ള ബോർഡിലെ കറുത്ത അക്ഷരങ്ങൾ) വാഹനങ്ങൾ നിയമവിരുദ്ധമായി വാടകയ്ക്ക് നൽകുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ ഇടപെടൽ. മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമുള്ള ‘റെന്റ് എ ക്യാബ്’ (Rent a Cab Scheme) പദ്ധതി പ്രകാരം കറുത്ത ബോർഡിൽ മഞ്ഞ അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ മാത്രമേ വാടകയ്ക്ക് നൽകാനോ സ്വയം ഓടിച്ചു പോകാനോ ഉപയോഗിക്കാവൂ.
നിയമവിരുദ്ധമായി സ്വകാര്യ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് ഡ്രൈവ് ചെയ്യുന്നതിനിടെ പരിശോധനയിൽ പിടിക്കപ്പെട്ടാൽ വാഹനമൊടിക്കുന്ന വ്യക്തിയെക്കൂടി കേസിൽ പ്രതിയാക്കുകയും ഡ്രൈവിംഗ് ലൈസൻസിൽ നടപടി രേഖപ്പെടുത്തുകയും ചെയ്യും. പിഴയും ശിക്ഷാനടപടികളും ഒഴിവാക്കാൻ അംഗീകൃത വാണിജ്യ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ അധികൃതർ നിർദ്ദേശിച്ചു.






























