കൊരട്ടി ∙ രാവിലെ വിമാനത്തിൽ പുറപ്പെട്ടാൽ വൈകിട്ടോടെ എത്താവുന്ന ജന്മനാട്ടിലേക്കു നോബിയും ജോബിയും എത്താനെടുക്കുന്നതു രണ്ടു മാസം. വിമാനം ഒഴിവാക്കി കാറിലാണു യാത്ര. ഇംഗ്ലിഷ് ചാനൽ കുറുകെ കടക്കാൻ ഒന്നര മണിക്കൂറോളം ഫെറിയുടെ സേവനം പ്രയോജനപ്പെടുത്തി എന്നതൊഴിച്ചാൽ ബാക്കി യാത്ര കാറോടിച്ചു മാത്രം. ഇടയ്ക്കു വിശ്രമിച്ചും വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടുമാണ് ഈ ഗോളാന്തര യാത്ര. രണ്ടു ഭൂഖണ്ഡങ്ങൾ, ഇരുപതു രാജ്യങ്ങൾ.
യാത്രയിൽ സഹോദരങ്ങൾ പിന്നിടുന്നത് 32,000 കിലോമീറ്റർ ദൂരം. ബ്രിട്ടനിൽ നിന്നു കഴിഞ്ഞ 21ന് ആയിരുന്നു യാത്രയുടെ തുടക്കം. റേഞ്ച് റോവർ ഡിഫൻഡർ കാറിൽ ഇരുവരും മാറി മാറി ഡ്രൈവ് ചെയ്ത് ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യ വാരമോ നാട്ടിലെത്തുമെന്നാണു പ്രതീക്ഷ. പതിറ്റാണ്ടുകളായി നോബി ബ്രിസ്റ്റളിലും ജോബി ഓക്സ്ഫഡിലും സ്ഥിര താമസക്കാരാണ്. അമ്മ മേരിയും യുകെയിലാണു താമസം.
യാത്ര ആദ്യമെത്തിയതു ഫ്രാൻസിൽ. തുടർന്നു ബെൽജിയം, ലക്സംബർഗ്, ജർമനി, ഓസ്ട്രിയ, സ്ലൊവേനിയ, ഹംഗറി എന്നീ രാജ്യങ്ങൾ പിന്നിട്ട് റുമാനിയയിലാണ് ഇവരിപ്പോൾ. സെർബിയ, ബൾഗേറിയ, തുർക്കി, ജോർജിയ, റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, ചൈന, നേപ്പാൾ എന്നിവ കൂടി പിന്നിട്ടാണു ഇന്ത്യയിലെത്തുന്നത്. യാത്രാ വിലക്കുകളുള്ള പ്രദേശങ്ങളിൽ പ്രത്യേക അനുമതിയോടെയാണ് സഞ്ചാരം. ആറ്റപ്പാടം ചാമക്കാല പരേതനായ പൗലോസിന്റെ മക്കളാണ് നോബിയും ജോബിയും. ഇവർ കാറോടിച്ച് നാട്ടിലെത്തുമ്പോഴേക്കും കുടുംബാംഗങ്ങൾ വിമാനത്തിൽ നാട്ടിലെത്തും.































