കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം ഉത്തരേന്ത്യൻ മയക്കുമരുന്ന് ലോബിയിൽ നിന്നും പിടിച്ചെടുത്തത് മാരക മയക്കുമരുന്നെന്ന് എക്സൈസ്. ‘ഓറഞ്ച് ലൈൻ’ വിഭാഗത്തിൽപ്പെടുന്ന അത്യന്തം വിനാശകാരിയായ 33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവുമായാണ് കഴിഞ്ഞ ദിവസം അസം സ്വദേശിയും ബംഗാളി യുവതിയും എക്സൈസ് പിടിയിലാകുന്നത്. അസം നൗഗോൺ സ്വദേശി ബഹറുൾ ഇസ്ലാം (കബൂത്തർ സേട്ട് ), വെസ്റ്റ് ബംഗാൾ, നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീൻ എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്‌സൈസ് ഇന്‍റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തിൽ അറസ്റ്റിലായത്.
ഉത്തരേന്ത്യയിൽ നിന്ന് വൻ തോതിൽ മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായ ടാനിയ. 200 ചെറിയ കുപ്പികളിലാക്കി വിൽപ്പനക്കായി തയ്യാറാക്കി വച്ച നിലയിൽ ആയിരുന്നു ഹെറോയിൻ. കൂടാതെ 6.5 ഗ്രാം വീതം ഹെറോയിൽ അടങ്ങിയ രണ്ട് പ്ലാസ്റ്റിക്ക് ബോക്സുകളും, ഹെറോയിൻ നിറയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന 550 ചെറിയ കാലി കുപ്പികളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. മയക്കുമരുന്ന് ഇടപാട് നടത്തുവാൻ ഉപയോഗിച്ച രണ്ട് സ്മാർട്ട് ഫോണുകൾ, മയക്കുമരുന്ന് വിൽപ്പന ചെയ്ത് കിട്ടിയ 19500 രൂപ, ഡിജിറ്റൽ സ്കെയിൽ എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തു.
കൊച്ചിയിൽ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ ആവശ്യപ്രകാരമാണ് ടാനിയ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഇടയിൽ ‘ഗാളി ബീവി’ എന്നറിയപ്പെടുന്ന ടാനിയ പർവ്വീൻ ഹെറോയിൻ അടങ്ങിയ പ്ലാസ്റ്റിക് ബോക്സുകൾ ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടി വച്ചാണ് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തിയിരുന്നത്. ഇരുവരും ചേർന്ന് ഇവിടെ എത്തിക്കുന്ന മയക്കുമരുന്ന് ചെറിയ കുപ്പികളിൽ നിറക്കുന്നത് കബൂത്തർ സേട്ട് എന്ന ബഹറുൾ ഇസ്ലാം ആണ്. ഇങ്ങനെ കുപ്പികളിൽ നിറച്ച മയക്കുമരുന്ന് ഓർഡർ അനുസരിച്ച് ഇടനിലക്കാരുടെ പക്കലേക്ക് എത്തിക്കുന്നതും ടാനിയ പർവീൻ തന്നെ.































