ദില്ലി: ചാറ്റ്ജിപിടി ദിവസേന നിരവധി പേരാണ് ഉപയോഗിക്കുന്നത്. ഒരു വിഷയം കൊടുത്താൽ അതിനെ അടിസ്ഥാനമാക്കി ലേഖനമോ കഥയോ കവിതയോ ഒക്കെ ചാറ്റ്ജിപിടിയെ കൊണ്ട് എഴുതിക്കാനാകും. സെക്കൻഡുകൾക്ക് കൊണ്ട് വലിയ ലേഖനങ്ങളും കഥകളും കവിതകളുമൊക്കെ റെഡിയാക്കി തരുന്ന ചാറ്റ്ജിപിടിയ്ക്ക് ആവശ്യമായി വരുന്ന വെള്ളത്തെ കുറിച്ച് നിങ്ങൾക്കറിയുമോ ?
നിലവിൽ ചർച്ചയാകുന്നത് ചാറ്റ്ജിപിടി പ്രവർത്തിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകൾക്ക് ആവശ്യം വരുന്ന ജലത്തിന്റെ അളവിനെ കുറിച്ചാണ്. നമുക്ക് വിശ്വസിക്കാൻ പറ്റാത്തത്രയും വലുതാണ് ആ കണക്കെന്നാണ് പുതിയ പഠനം പറയുന്നത്. ആര്‍ട്ടിഫീഷ്യല്‍ ഇന്‍റലിജന്‍സും വെള്ളവും തമ്മിലെന്താണ് ബന്ധമെന്ന് സംശയിക്കേണ്ട. ചാറ്റ് ജിപിടിയുടെ ഡാറ്റാ സെന്ററുകൾ അവരുടെ സെർവറുകൾക്ക് ആവശ്യമുള്ള വൈദ്യുതി നൽകുന്നതിനും ചാറ്റ്ജിപിടി പോലുള്ള എഐ മോഡലുകൾ പ്രവർത്തിപ്പിക്കുമ്പോൾ ആ സെർവറുകൾ തണുപ്പിക്കുന്നതിനും വേണ്ടിയാണ് വലിയ തോതിൽ ജലം ഉപയോഗിക്കുന്നത്. ഏകദേശം 20 മുതൽ 50 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള ലളിതമായ സംഭാഷണത്തിന് 500 മില്ലീ ലിറ്റർ വെള്ളം ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് പഠനം പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആർലിംഗ്ടണിലെ ഗവേഷകരും ചേർന്നാണ് പഠനം നടത്തിയത്. മൈക്രോസോഫ്റ്റിന്റെ ജിപിടി-3 മോഡലിന്റെ പരിശീലനത്തിന് വേണ്ടി മാത്രമായി 370 ബിഎംഡബ്ല്യു വേണ്ടി വരും. അതായത് 320 ടെസ്‌ല കാറുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ശുദ്ധജലം ഇവിടെയും വേണ്ടിവരുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 700,000 ലിറ്റർ (185,000 ഗാലൻ) വെള്ളമാണ് വേണ്ടിവരിക.
10 ബില്യൺ ഡോളറോളമാണ് ചാറ്റ്ജിപിടിയുടെ ക്രിയേറ്റേഴ്സായ മൈക്രോസോഫ്റ്റ് അടുത്തിടെ കമ്പനിയിൽ നിക്ഷേിപ്പിച്ചിരിക്കുന്നത് എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ചാറ്റ് ജിപിടി മാത്രമല്ല ഗൂഗിളിന്റെ LaMDA പോലുള്ള മറ്റ് എഐ മോഡലുകളും ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ചെലവാക്കിയാണ് പ്രവർത്തിപ്പിക്കുന്നത്. ആഗോള ജലക്ഷാമം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹര്യത്തില് സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജല ഉപഭോഗം കുറയ്ക്കണമെന്നാണ് ഗവേഷകർ പഠനത്തിൽ നിർദേശിച്ചിരിക്കുന്നത്.