ലണ്ടന്‍ : ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ( 74 ) കിരീടധാരണ ചടങ്ങിന് ഒരുങ്ങുകയാണ് ബ്രിട്ടണ്‍. മേയ് 6ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് കിരീടധാരണം.കിരീടധാരണത്തോടനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് ബ്രിട്ടണില്‍ നടക്കുക. ഒപ്പം വിവിധ പ്രദര്‍ശനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടെ വാര്‍ത്തകളില്‍ ശ്രദ്ധനേടുകയാണ് ചാള്‍സിന്റെ അതേ വലിപ്പത്തിലുള്ള ഒരു അര്‍ദ്ധകായ പ്രതിമ. 17 ലിറ്റര്‍ ഉരുകിയ ചോക്ലേറ്റിലാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 23 കിലോഗ്രാം ഭാരമുള്ള പ്രതിമയുടെ നിര്‍മ്മാണത്തിന് 2,875 സെലിബ്രേഷന്‍സ് ചോക്ലേറ്റാണ് വേണ്ടി വന്നത്. ഔദ്യോഗിക യൂണിഫോം ധരിച്ച ചാള്‍സിന്റെ രൂപത്തിലുള്ള പ്രതിമ നാല് ആഴ്ച കൊണ്ടാണ് തയ്യാറാക്കിയത്. സ്നിക്കേഴ്സ്, മാര്‍സ്, ട്വിക്സ്, മില്‍ക്കി വേ, ഗാലക്സി, ബൗണ്ടി തുടങ്ങിയ ചോക്ലേറ്റുകള്‍ കൊണ്ടാണ് പ്രതിമയില്‍ അലങ്കാരപ്പണികള്‍ നടത്തിയിരിക്കുന്നത്. സൗത്ത് ലണ്ടനിലെ സ്ലോ ആസ്ഥാനമായുള്ള മാര്‍സ് റിഗ്ലിസ് കമ്ബനിയില്‍ നിന്നുള്ള വിദഗ്ദ്ധ ടീമാണ് പ്രതിമയ്ക്ക് പിന്നില്‍. പ്രതിമ സ്ലോയിലുള്ള കമ്ബനിയുടെ ആസ്ഥാനത്ത് പ്രദര്‍ശനത്തിന് വയ്ക്കും.
കഴിഞ്ഞ സെപ്തംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് മൂത്തമകനായ ചാള്‍സ് രാജസിംഹാസനത്തിന്റെ ഉടമയായത്. രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാള്‍സ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. സെപ്തംബര്‍ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി അധികാരമേറ്റിരുന്നു. രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് മേയില്‍ നടത്താന്‍ നിശ്ചയിച്ചത്. 1952 ഫെബ്രുവരി 6ന് പിതാവ് ജോര്‍ജ് ആറാമന്‍ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം 1953 ജൂണ്‍ 2നായിരുന്നു.