റിയാദ്: സൗദി പ്രൊലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾവേട്ട. റോണോയുടെ 4 ഗോൾ കരുത്തിൽ അൽ നസ്ർ, അൽവെഹ്ദയെ തകർത്തു. സൗദിയിൽ റോണോയുടെ ആദ്യ ഹാട്രിക്കാണ് ഇത്. എവേ മത്സരത്തിലാണ് അൽ നസ്റിന്‍റെ നാല് ഗോൾ ജയം. 16 കളിയിൽ 37 പോയിന്‍റുമായി അൽ നസ്റാണ് ലീഗിൽ ഒന്നാമത്.
21-ാം മിനിറ്റില്‍ ഇടം കാല്‍ ഗോളിലൂടെ റൊണാള്‍ഡോ അല്‍ നസ്റിനെ ആദ്യം മുന്നിലെത്തിച്ചു. ആദ്യ പകുതി തീരും മുമ്പ് റൊണാള്‍ഡോ തന്‍റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു റൊണാള്‍ഡോ ഹാട്രിക് തികച്ചത്. റൊണാള്‍ഡോയുടെ കരിയറിലെ 61-ാം ഹാട്രിക്കാണ് ഇത്. മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടതിന് പിന്നാലെ റൊണാള്‍ഡോ നാലാം ഗോളും നേടി അല്‍ നസ്റിന്‍റെ ഗോള്‍ പട്ടിക തികച്ചു. സൗദി പ്ര ലീഗില്‍ കഴിഞ്ഞ വെള്ളിയാഴ്ച അല്‍ ഫത്തേഹിനെതിരെ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനല്‍റ്റി ഗോളാക്കിയാണ് ലീഗിലെ ആദ്യ ഗോള്‍ റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചത്.ഇന്നലത്തെ ഹാട്രിക്കോടെ ലീഗ് ഫുട്ബോളിൽ റൊണാൾഡോ 500 ഗോൾ നേട്ടം പിന്നിട്ടു. അൽ വെഹ്ദയ്ക്കെതിരായ ആദ്യ ഗോൾ നേടിയപ്പോഴാണ് ലീഗ് ഫുട്ബോളിൽ റൊണാൾഡോ 500 ഗോള്‍ തികച്ചത്. അഞ്ച് വ്യത്യസ്ത ലീഗുകളില്‍ അഞ്ച് ടീമുകള്‍ക്കായാണ് റൊണാള്‍ഡോ 500 ഗോള്‍ തികച്ചത്.
ലാ ലീഗയിൽ റയൽ മാഡ്രിഡിനായി 311 ഗോളും പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 103 ഗോളും ഇറ്റാലിയൻ സെരി എയിൽ യുവന്‍റസിനായി 81 ഗോളും പോർച്ചുഗൽ ലീഗിൽ സ്പോർട്ടിംഗ് ലിസ്ബണിനായി മൂന്നുഗോളും സൗദി ലീഗിൽ അൽ നസ്റിനായി അഞ്ച് ഗോളുമാണ് റോണോ കരിയറില്‍ ഇതുവരെ നേടിയത്. ഇന്നലെ നാലു ഗോളടിച്ചതോടെ ലീഗ് മത്സരങ്ങളില്‍ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 503 ആയി.