തിരുവനന്തപുരം: യുവതിയുടെ ഫോട്ടോയും ഫോൺനമ്പറും അശ്ലീല വെബ്സൈറ്റിൽ പ്രദർശിപ്പിച്ച പ്രതിക്കെതിരെ കേസെടുക്കാതെ പൊലീസ്. പരാതി ഒത്തുതീർപ്പാക്കാൻ കാട്ടാക്കട സി.ഐ നിർബന്ധിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയ്ക്കാണ് പൊലീസ് നീതി നിഷേധിച്ചത്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യയിൽ നിരോധിച്ചതും ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ളതുമായ അശ്ലീല വെബ്‌സൈറ്റിൽ യുവതിയുടെ ഫോട്ടോയും വയസും ഫോൺ നമ്പറും ഉൾപ്പെടെ അശ്ലീല പദങ്ങൾ എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു.
അടുത്ത ദിവസം മുതൽ പല രാജ്യങ്ങളിൽനിന്നും യുവതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അശ്ലീല മെസേജുകൾ വന്നു. ആദ്യം നമ്പർ തെറ്റി വന്നതാകാമെന്ന് കരുതി കുറെയധികം നമ്പറുകൾ യുവതി ബ്ലോക്ക് ചെയ്‌തെങ്കിലും വീണ്ടും ഇത്തരം സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. തുടർന്ന് വെബ്‌സൈറ്റിൽ ഫോട്ടോ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടെത്തി. ജനുവരി 31ന് സൈബർ പോലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പോലീസിലും ഇതു സംബന്ധിച്ച് യുവതി പരാതി നൽകി.
താൻ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയ അവസരത്തിൽ എട്ടുപേർ ചേർന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്നാണ് തന്റെ ചിത്രം ക്രോപ്പ് ചെയ്ത് ഇത്തരത്തിൽ ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും ഇതിലുള്ള മറ്റ് ഏഴ് പേരെയും ചോദ്യം ചെയ്യണമെന്നും യുവതി കാട്ടാക്കട പോലീസിനോട് ആവശ്യപ്പെട്ടു. മാത്രമല്ല ഇക്കൂട്ടത്തിൽ ഒരാളെ താൻ സംശയിക്കുന്നതായി പോലീസിനോട് പറയുകയും അയാളുടെ പേരും ഫോൺ നമ്പറും നൽകുകയും ചെയ്തു. എന്നാൽ ഒന്നാം തീയതി നൽകിയ പരാതിയിൽ ആറാം തീയതിയാണ് യുവതി സംശയിച്ചയാളെ പോലീസ് വിളിച്ചുവരുത്താൻ പോലും തയ്യാറായത്.
പരാതിക്കാരിയെയും പ്രതിയായ ആലമുക്ക് സ്വദേശി ഫയാസിനെയും വിളിച്ചുവരുത്തിയ സിഐ പരാതി ‘ഒത്തുതീർപ്പാക്കി കൂടെ ‘ എന്നാണ് ചോദിച്ചതെന്ന് യുവതി പറയുന്നു. ഇതിന് വഴങ്ങാതിരുന്ന യുവതി ഇന്നലെ തിരുവനന്തപുരം റൂറൽ എസ്പിക്ക് പരാതി നൽകി. റൂറൽ എസ്.പി ഓഫീസിൽ ഫയൽ ചെയ്ത കേസ് അന്വേഷണത്തിനായി കാട്ടാക്കട പോലീസിന് നൽകിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയിട്ടും കേസ് ഒത്തുതീർക്കാൻ ശ്രമിച്ച കാട്ടാക്കട സി.ഐക്കെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് യുവതിയുടെ ബന്ധുക്കൾ അറിയിച്ചു. അതേസമയം കേസ് ഒത്തുതീർക്കാൻ താൻ നിർബന്ധിച്ചിട്ടില്ലെന്ന് പറഞ്ഞ കാട്ടാക്കട സി.ഐ, കേസെടുക്കാൻ തയാറാകാത്തതിനെ കുറിച്ച് പ്രതികരിച്ചില്ല.