വർക്ക് ഫ്രം ഹോം നിലപാടില്‍ വൻ നയംമാറ്റവുമായി പ്രമുഖ ടെക് കമ്ബനിയായ ഡെല്‍. ഓഫീസിലേക്ക് വരാതെ വർക്ക് ഫ്രം ഹോം തുടരുന്നവർക്ക് ഇനി മുതല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കമ്ബനി പുറത്തിറക്കിയ ഉത്തരവ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ ചർച്ചയാവുകയാണ്.
മുൻപ് വർക്ക് ഫ്രം ഹോമിനെ അനുകൂലിച്ചിരുന്ന കമ്ബനി പലപ്പോഴായി ഹൈബ്രിഡ് ഓപ്ഷൻ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പലരും ഓഫീസിലേക്ക് വരാൻ മടിച്ചതോടെയാണ് ഇനി വീട്ടിലിരിക്കുന്നവർക്ക് പ്രമോഷനില്ലെന്ന് നയം സ്വീകരിച്ചത്. മെയ് മാസം മുതല്‍ ജീവനക്കാരെ ഹൈബ്രിഡ് എന്നും റിമോട്ട് എന്നും രണ്ട് കാറ്റഗറിയായി തിരിക്കും. ഇതില്‍ റിമോട്ട് ഒപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് ഇനി മുതല്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കില്ലെന്നതാണ് നിബന്ധന. ഹൈബ്രിഡ് ഒപ്ഷനാണെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലേക്ക് വരണം. രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാം. റിമോട്ട് ആണെങ്കില്‍ നിങ്ങള്‍ ലോകത്ത് എവിടെയാണെങ്കിലും സമയത്ത് ജോലി ചെയ്താല്‍ മതിയെന്ന് മാത്രം. ഈ ഒപ്ഷൻ തിരഞ്ഞെടുത്തവർക്ക് സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ കാറ്റഗറി ഹൈബ്രിഡ് എന്നാക്കി മാറ്റാൻ അപേക്ഷിക്കേണ്ടി വരും.
കൊവിഡ് കാലത്താണ് ഡെല്‍ കമ്ബനി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. കൂടുതല്‍ കാര്യക്ഷമതയ്ക്കും നവീന ആശയങ്ങള്‍ക്കും ഇൻ പേഴ്സണ്‍ ആശയവിനിമയം അത്യാവശ്യമാണെന്നും അതിനാലാണ് മാറ്റമെന്നുമാണ് കമ്ബനി വിശദീകരിച്ചിരിക്കുന്നത്.






























