പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യ ക്ലിനിക്കൽ ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മിൽ വാക്കേറ്റം. എംഎംഎസി ക്ലിനിക്കില്‍ മിനിഞ്ഞാന്ന് രാത്രി 10 മണിക്കാണ് സംഭവം. ഒമ്പത് മാസമായ കുട്ടിയെ പനി ബാധിച്ച നിലയിലാണ് ക്ലിനിക്കില്‍ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ഈ നേരം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ ഭക്ഷണം കഴിക്കാനായി പുറത്തായിരുന്നു. തിരിച്ചു വന്നപ്പോൾ ഡോക്ടറുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് ബന്ധുക്കൾ ബഹളംവച്ചു.
ഇത് പിന്നീട് വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു. ബന്ധുക്കളില്‍ ചിലർ മർദിച്ചതായി ഡോക്ടർ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചികിത്സ വൈകിയെന്ന് കാണിച്ച് ബന്ധുക്കളും പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ പരാതി ഉയര്‍ന്നിരുന്നു. പുത്തൂരിൽ അപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചെന്നായിരുന്നു പരാതി. പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരെയാണ് ആരോപണം.
വല്ലൂർ സ്വദേശികളായ രമേശനും വൈഷ്ണവുമാണ് അപകടത്തിൽപ്പെട്ട് ചികിത്സ തേടിയത്. രമേശനും മകൻ വൈഷ്ണവും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പുത്തൂരിൽ വച്ചാണ് അപകടം. ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരെയും പുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോ. ഗീരീഷായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. അര മണിക്കൂർ കാത്തു നിന്നു. തർക്കമായതോടെ ഡോക്ടർ കാറെടുത്ത് പോയെന്നാണ് ആരോപണം ഉയര്‍ന്നത്.
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് ഇരുവർക്കും ചികിത്സ നൽകിയത്. വൈഷ്ണവിന്‍റെ വലത് കൈക്ക് പൊട്ടലുണ്ട്. അച്ഛൻ രമേശനും പരിക്കുണ്ട്. വല്ലൂർ ആദിവാസി ഊരിലെ മൂപ്പൻ കൂടിയാണ് കേരള പൊലീസ് അക്കാദമിയിൽ ജോലി ചെയ്യുന്ന രമേശ്. ഇരുവരും എത്തുമ്പോൾ താൻ മൂത്രമൊഴിക്കാൻ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ വൈകിയെന്ന് ആരോപിച്ച് ബഹളം വച്ചു. നഴ്സുമാർ ചികിത്സ നൽകാൻ തയ്യാറായെങ്കിലും വഴങ്ങാതെ തിരിച്ച് പോവുകയായിരുന്നു എന്നാണ് ഡോക്ടറുടെ വിശദീകരണം.