ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രണ്ടാമത്തെ കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതെന്ന് സൂചന. അമോണിയം നൈട്രേറ്റ് കടത്താൻ ഈ കാർ ഉപയോഗിച്ചു എന്നാണ് സൂചന. ഇന്നലെ ഹരിയാനയിൽ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തിയത്. അതേസമയം, സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓൾഡ് ദില്ലിയിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയിൽ ഉമർ സമയം ചിലവിട്ടു. 10 മിനിറ്റ് നേരം ഉമർ പള്ളിയിൽ ഉണ്ടായിരുന്നു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമർ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. ഉമർ എത്തിയ പള്ളിയിലെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു കഴിഞ്ഞു.































