സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ താൽക്കാലിക ലോഗോ മാറ്റങ്ങൾക്ക് പിറകെ അനൗപചാരിക ബ്രാൻഡ് പുനർനാമകരണവുമായി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്തെ ഓഫീസിന് മുകളിൽ എഴുതിയ പേരാണ് മാറ്റിയത്. ട്വിറ്റർ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡിൽ നിന്നും ഡബ്ല്യു എന്ന അക്ഷരം എടുത്തു മാറ്റിയ നിലയിലാണ് ഉള്ളത്.
ട്വിറ്റർ എന്നതിന് പകരം ഇപ്പോൾ ഇത് ടിറ്റർ എന്നാണ് വായിക്കപ്പെടുന്നത്. ഈ ആഴ്ച ആദ്യം ട്വിറ്ററിന്റെ ലോഗോ ആയ നീല പക്ഷിയെ മാറ്റി. ഡോഗ് കോയിന്റെ നായയുടെ ചിത്രം സ്ഥാപിച്ചിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും പക്ഷിയുടെ ലോഗോ തിരിച്ചെത്തി. മസ്കിന്റെ പുതിയ നീക്കത്തിനെതിരെ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ ‘ബാലിശമായ’ നീക്കമായി വിശേഷിപ്പിച്ചു.
ഏപ്രിൽ നാലിനാണ് സിഇഒ ഇലോൺ മസ്‌ക് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തിയത്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ (“ഡോഗ് മീം) ചിത്രമാണ് നൽകിയത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോൺ മാസ്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഷിബ ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. മസ്‌ക് തലവനായ ടെസ്‌ല ഇൻകോർപ്പറേഷനിൽ ചരക്കുകൾക്കുള്ള പണമായി സ്വീകരിച്ച കറൻസിയാണ് ഡോഗ്‌കോയിൻ.
ബിറ്റ്‌കോയിൻ പോലുള്ള മറ്റ് ക്രിപ്‌റ്റോകറൻസികളെ പരിഹസിക്കാൻ 2013-ൽ സൃഷ്‌ടിച്ച ഒരു ക്രിപ്‌റ്റോകറൻസിയായ ഡോഗ്‌കോയിന്റെ ആരാധകനാണ് മസ്‌ക്. മുൻഭാഗത്ത് കോമിക് സാൻസ് ഫോണ്ടിലുള്ള മൾട്ടി-കളർ ടെക്‌സ്‌റ്റിനൊപ്പം ഷിബ ഇനു നായ കബോസുവിന്റെ ചിത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. എന്തിനാണ് ലോഗോ മാറ്റിയതെന്ന് കൂടുതൽ കൂടുതൽ ഉപയോക്താക്കൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ, തന്റെ നീക്കത്തെ തമാശരൂപേണ അവതരിപ്പിച്ചുകൊണ്ട് മസ്‌ക് രണ്ട് ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു.