അഡലെയ്ഡ് : വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍ കൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശക്തമായ സന്ദേശം ലോകത്തിന് നല്‍കുകയാണ് പാലക്കാട്ടുകാരിയായ സ്വപ്ന നമ്പൂതിരി. പരിസ്ഥിതി സംരക്ഷണത്തിന്റെ പവിഴ വഴിയിലൂടെ കേരളത്തിന് മാത്രമല്ല ഇന്ത്യയ്ക്ക് തന്നെ അഭിമാനമാകുകയാണ് സൗത്ത് ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ താമസിക്കുന്ന ഈ മലയാളി വനിത.
വേറിട്ട ആര്‍ട് ഇന്‍സ്റ്റലേഷനുകളിലൂടെ ഓസ്ട്രേലിയന്‍ മണ്ണിലും പരിസ്ഥിതി കലാകാരിയെന്ന നിലയില്‍ സ്വപ്ന ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ബാങ്ക് ഓസ്ട്രേലിയയ്ക്ക് വേണ്ടി ‘നാളെയുടെ അക്വേറിയം’ എന്ന പേരില്‍ സിഡ്നിയില്‍ സ്ഥാപിച്ച ആര്‍ട് ഇന്സ്റ്റലേഷന് പരിസ്ഥിതി കലാകാരിയെന്ന നിലയില്‍ സ്വപ്നയ്ക്ക് വലിയ അംഗീകാരമായി മാറി. ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റില്‍ അടുത്തിടെ നടന്ന വിയറബിള്‍ ആര്‍ട് ഫെസ്റ്റിവലിലെ 35 ഫൈനലിസ്റ്റുകളിലെ ഏക ഇന്ത്യക്കാരിയും സ്വപ്നയായിരുന്നു.
പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന കുപ്പികളും പ്ലാസ്റ്റിക് ഉല്പന്നങ്ങളും കൊണ്ട് അതിമനോഹരമായ ശില്പങ്ങളും ആര്‍ട് ഇന്‍സ്റ്റലേഷനുകളും നിര്‍മിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ കൂടിയായ സ്വപ്നയെന്ന കലാകാരി. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം, പ്ലാസ്റ്റിക് മലിനീകരണം തടയേണ്ടതിന്റെ അനിവാര്യത, കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, കടലിനടിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന പവിഴപ്പുറ്റുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെല്ലാമാണ് സ്വപ്നയുടെ കലാസൃഷ്ടികളിലെ വിഷയങ്ങൾ.
∙നാളെയുടെ അക്വേറിയം
പരിസ്ഥിതി ബോധവല്ക്കരണത്തിൽ സ്വപ്നയുടെ കലാസൃഷ്ടികളില്‍ ബൃഹത്തായ ഒന്നായിരുന്നു ബാങ്ക് ഓഫ് ഓസ്ട്രേലിയയ്ക്കായി തയാറാക്കിയ ‘നാളെയുടെ അക്വേറിയം’ എന്ന ആര്‍ട് ഇന്സ്റ്റലേഷന്. 100 ശതമാനം റീസൈക്കിള്‍ പ്ലാസ്റ്റിക് ഉപയോഗിച്ചു കൊണ്ടുള്ള ബാങ്ക് കാര്‍ഡുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായിരുന്നു ഈ കലാസൃഷ്ടി നിര്‍മിച്ചത്. ബീച്ചുകളില്‍ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക്കുകളാണ് ഉപയോഗിച്ചത്.പവിഴപ്പുറ്റ്, ഭീമന് സ്രാവ്, തദ്ദേശീയമായ വ്യത്യസ്ത തരം മീനുകള്‍ എന്നിവ ഉള്‍പ്പെടെ 17 സമുദ്ര ഘടകങ്ങളാണ് അക്വേറിയത്തിലുള്ളത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സണ്‍ഷൈന്‍ കോസ്റ്റില്‍ വിയറബിള്‍ ആര്‍ട് ഫെസ്റ്റിവല്‍ നടന്നത്. വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള 200 അപേക്ഷകരില്‍ നിന്ന് നിന്ന് തിരഞ്ഞെടുക്കപ്പെട്ട 35 ഫൈനലിസ്റ്റുകളിലെ ഏക ഇന്ത്യക്കാരിയായിരുന്നു സ്വപ്ന. ഫാഷന്‍ എന്നതിനേക്കാള്‍ ആര്‍ട് ഫോം പെര്‍ഫോമന്‍സ് എന്നതായിരുന്നു ഫെസ്റ്റിവലിന്റെ ആശയം. എലിമെന്റ്സ് ഓഫ് നേച്ചര്‍, അബ്സ്ട്രാക്ട് ട്രാഷ്, അവംഗാര്‍ഡ് എന്നിങ്ങനെ 4 വിഭാഗങ്ങളില്‍ ട്രാഷിലായിരുന്നു സ്വപ്ന പങ്കെടുത്തത്.
വര്‍ഷങ്ങളായി മത്സരത്തില്‍ പങ്കെടുക്കുന്ന ക്യൂന്‍സ് ലാന്‍ഡിലെ ദമ്പതികള്‍ തന്നെയായിരുന്നു ഇത്തവണയും ജേതാക്കളായത്. ഒന്നാമതെത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം ഡിസൈനില്‍ സ്വപ്ന സ്വയം നെയ്തെടുത്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ടുള്ള വസ്ത്രമണിഞ്ഞ് റാംപിലേക്ക് എത്തിയ മോഡലിനെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റതാണ് തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് ഈ കലാകാരി പറയുന്നു. അത്രയേറെ അപൂര്‍വവും മനോഹരവുമായിരുന്നു സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന്റ് പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയുള്ള സ്വപ്നയുടെ ഡിസൈന്‍.
കടലിനെ ഏറെ സ്നേഹിക്കുന്ന തദ്ദേശീയര്‍ തന്റെ ഡിസൈന്‍ കണ്ട് സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് അഭിനന്ദിച്ചത് ജീവിതത്തിലെ അഭിമാനനിമിഷങ്ങളിലൊന്നാണെന്ന് സ്വപ്ന പറയുന്നു. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് കൂടുതലും ശില്പ നിര്‍മാണവും ആര്‍ട് ഇന്‍സ്റ്റലേഷനുമാണ് ചെയ്യാറ്. ഇത് വേറിട്ട അനുഭവമായി. വിയറബിള്‍ ഫോമിലേക്ക് ആദ്യമായാണ് പങ്കെടുക്കുന്നത്. പാഴ്വസ്തുക്കള് കൊണ്ട് വസ്ത്രമുണ്ടാക്കിയതും ഇതാദ്യം.
കഥകളിയും തെയ്യവും നിറഞ്ഞാടിയ ഡിസൈന്‍
ആംഫിട്രെയ്റ്റ്-ഗ്രീക്ക് ഗോഡസ് ഓഫ് ഓഷന്‍ എന്നതായിരുന്നു ഡിസൈനിനായി സ്വപ്ന നൽകിയ ആശയം. സമുദ്രത്തെയും പവിഴപ്പുറ്റുകളെയും ഏറെ ഇഷ്ടപ്പെടുന്നതിനാൽ സ്വപ്നയുടെ ഡിസൈനിലും ഇവയെല്ലാമാണ് പ്രതിഫലിച്ചത്. 5 മാസം കൊണ്ടാണ് ഡിസൈന്‍ വികസിപ്പിച്ചെടുത്തത്. അഞ്ഞൂറിലധികം പാല്‍കുപ്പികളും 350 തിലധികം പോളിയെത്തിലീന്‍ ടെറെഫ്തലേറ്റ് (പെറ്റ്) കൊണ്ടു നിര്‍മിതമായ കുപ്പികളും കൊണ്ടാണ് പ്ലാസ്റ്റിക് വസ്ത്രം നെയ്തത്. ഇവ പല ആകൃതികളില്‍ മുറിച്ചെടുത്ത് കൃത്യമായി യോജിപ്പിച്ച് കൈകൊണ്ട് തയ്ച്ചെടുത്തും പെയിന്റ് ചെയ്തുമാണ് വസ്ത്രമാക്കിയത്.
കേരളത്തിന്റെ കഥകളി, തെയ്യം എന്നിവയില്‍ നിന്നുള്ള ടെക്സ്ചറല് ഘടകങ്ങള്‍ എടുത്തു. രൂപവും കഥകളി വസ്ത്രത്തിന്റെ രീതിയിലാണ്. വസ്ത്രത്തിന്റെ താഴെ ഭാഗം പൂര്‍ണമായും ആര്‍ട് വര്‍ക്കാണ്. കോറല്‍ ഗാര്ഡന് ബോട്ടത്തിലും താഴെ വൈബ്രന്റായ പവിഴപ്പുറ്റുകളും മുകളില്‍ സമുദ്ര താപനില കൂടുന്നതിന് കാരണമായ കോറല്‍ ബ്ലിച്ചിങ്ങും ഉയര്‍ത്തിക്കാട്ടിയാണ് ഡിസൈന്‍. മുകളില്‍ ഡാര്‍ക്ക് ബ്ലു ഭാഗത്ത് തെയ്യത്തിന്റെ മുടിയ്ക്ക് സമാനമായാണ് തയാറാക്കിയത്. മാതാപിതാക്കളുടെ തറവാട് പയ്യന്നൂര്‍ ആണ്. അതുകൊണ്ടാണ് തെയ്യം മനസിലേക്ക് ആദ്യമെത്തിയതെന്ന് സ്വപ്ന പറയുന്നു.
സൗത്ത് ഓസ്ട്രേലിയയിലെ സമുദ്രത്തില്‍ ആല്‍ഗല്‍ ബ്ലൂം
വലിയ ഭീഷണിയാണ്. മീനുകളും സമുദ്ര ജീവികളുമൊക്കെ ചത്തൊടുങ്ങുന്ന പ്രതിസന്ധിയാണ്. ദേശീയ ദുരന്തമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനാലാണ് മുകള്‍ ഭാഗത്ത് കടും നീല നല്‍കിയത്. തലയുടെ മുകള്‍ ഭാഗത്തും പ്ലാസ്റ്റിക് മലിനീകരണമാണ് എടുത്തുകാട്ടുന്നത്. ആശയപരമായി ശക്തമായ സന്ദേശമാണ് ആര്‍ട് വർക്കിലൂടെ നൽകാൻ കഴിഞ്ഞതെന്ന് സ്വപ്ന പറയുന്നു. മകളാണ് ഡിസൈൻ ആശയത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോര്‍ നിര്‍ദേശിച്ചത്. അണിയറയില്‍ വേണ്ട പിന്തുണയും നല്കി.
പ്രദർശന തിരക്കിൽ
ഒന്നര വര്‍ഷമായി അഡലെയ്ഡിലാണ്. ദീർഘനാൾ ഖത്തർ പ്രവാസിയായിരുന്നു. ദോഹയില്‍ നിന്നുള്ള അനുഭവ പരിചയം വലിയ ഗുണം ചെയ്തു. ഒരു വര്‍ഷത്തിനിടെ ഒരുപാട് പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. കഴിഞ്ഞ മേയില്‍ ബേണ്‍സൈഡ് കൗണ്‍സിലിനായി നാല് പാനലുകളിലായുള്ള വാള് ഇന്സ്റ്റലേഷന് സ്ഥാപിച്ചിരുന്നു. വെർഡ്യൂർ എന്ന ഈ ആർട് ഇൻസ്റ്റലേഷന് പരിസ്ഥിതി പുരസ്കാര മത്സരത്തിൽ റണ്ണർ അപ് ലഭിച്ചിരുന്നു. ഫെബ്രുവരില്‍ ശില്പ ഫെസ്റ്റിവലില്‍ പരിസ്ഥിതി ബോധവല്‍ക്കരണ അവാര്‍ഡും സ്വപ്നയ്ക്കായിരുന്നു.
പരസ്ഥിതി പുരസ്കാരത്തിൽ റണ്ണർ അപ്പ് നേടി കൊടുത്ത ആർട് ഇൻസ്റ്റലേഷന് മുൻപിൽ സ്വപ്ന. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
2024 ഓഗസ്റ്റില്‍ പ്രശസ്തമായ സാലാ ഇവന്റ്സിന്റെ ഭാഗമായി 6 പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഇത്തവണ11,000 ത്തിലധികം ആര്‍ട്ടിസ്റ്റുമാര്‍ പങ്കെടുക്കുത്ത സാല ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് തങ്ങളുടെ അനുഭവം പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചിരുന്നു. അതിലൊരാളാകാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായാണ് ഈ കലാകാരി കാണുന്നത്.
ലോകത്തെവിടെയായാലും ശ്രദ്ധേയമായ പരിസ്ഥിതി പ്രദര്‍ശനങ്ങളില്‍ പങ്കാളിയാകാനുള്ള ശ്രമം സ്വപ്ന ഉപേക്ഷിക്കാറില്ല. അതുകൊണ്ടു തന്നെ കയ്യില്‍ കിട്ടുന്ന പ്ലാസ്റ്റിക്കുകള്‍ പ്രകൃതിയിലേക്ക് വലിച്ചെറിയാതെ അവ കലാസൃഷ്ടിയിലൂടെ പുനരുപയോഗിക്കുന്നതിലുള്ള സ്വപ്നയുടെ പരിശ്രമം ആഗോളതലത്തിലും അംഗീകരിക്കപ്പെട്ടതാണ്. ആംസ്റ്റര്‍ഡാം, ടോക്കിയോ എന്നിവിടങ്ങളില്‍ നടന്ന രാജ്യാന്തര കലാമേളകളിലും അപൂര്‍വ കലാസൃഷ്ടികളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിച്ച പ്രതിഭാശാലിയായ കലാകാരിയാണ് സ്വപ്ന. ഖത്തറില്‍ പ്രാദേശിക, മേഖലാ, രാജ്യാന്തര പരിസ്ഥിതി പ്രദര്‍ശനങ്ങളിലും സ്വപ്ന സജീവമായിരുന്നു. വലിച്ചെറിയുന്ന പാഴ് വസ്തുക്കളില്‍ നിന്ന് മനോഹരമായ രൂപങ്ങളും ശില്പങ്ങളും മെനയുന്നതില്‍ സ്വപ്നയിലെ പരിസ്ഥിതി സംരക്ഷക വേറിട്ട മാതൃകയാണ്.
∙ കുടുംബം
ഭര്‍ത്താവ് മനോജും മക്കള്‍ ശ്രദ്ധയും മാനവും ആണ് പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സ്വപ്നയ്ക്ക് കരുത്ത്. പ്രദർശനങ്ങൾക്കായുള്ള കലാസൃഷ്ടികൾ തയാറാക്കുന്നതിൽ മക്കളും രാപ്പകലില്ലാതെ സ്വപ്നയ്ക്ക് സഹായികളായി ഒപ്പമുണ്ട്.































