ടൊറന്റോ: ദിവസങ്ങളായി കാണാതായ കങ്കാരുവിനെ പിടികൂടുന്നതിനിടെ പൊലീസുകാരന് പരിക്ക്. കാനഡയിലാണ് സംഭവം. മൃഗശാലാ അധികൃതരുടെ നിര്‍ദേശപ്രകാരം വാലില്‍ പിടിച്ച് എടുക്കുന്നതിനിടെയാണ് കങ്കാരു പൊലീസുകാരന്റെ മുഖത്തടിച്ചത്.
ഒന്റാറിയോയിലെ ഒഷാവ മൃഗശാലയിലേയ്‌ക്ക് മാറ്റുന്നതിനിടെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ വ്യാഴാഴ്ച പെണ്‍ കങ്കാരു ഓടി രക്ഷപ്പെട്ടത്. പാര്‍ക്കിന്റെ സൂപ്പര്‍വൈസറും ഹെഡ് കീപ്പറുമായ കാമറൂണ്‍ പ്രേയ്‌ഡ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. വാര്‍ത്ത പുറത്തുവന്നതോടെ ടൊറന്റോയില്‍ നിന്ന് 37 മൈല്‍ (60 കിലോമീറ്റര്‍) അകലെയുള്ള കിഴക്കൻ ഒന്റാറിയോയിലെ ഒഷാവ എന്ന പട്ടണത്തിലെ റോഡുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കങ്കാരുവിനെ ചിലര്‍ കണ്ടിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ പട്രോളിംഗ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വടക്കൻ ഒഷാവയില്‍ വച്ച് കങ്കാരുവിനെ കണ്ടു. തുടര്‍ന്ന് ഇവര്‍ മൃഗശാല അധികൃതരെ വിളിച്ച് നിര്‍ദേശങ്ങള്‍ തേടി. ഇവര്‍ പറഞ്ഞത് പ്രകാരം വാലില്‍ പിടിച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കങ്കാരു ഒരു ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചത്.