മെൽബൺ: വാലന്റൈൻസ് ദിനത്തിനായി വിപണി ഒരുങ്ങവേ, ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ പൂക്കർഷകർ കനത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കടുത്ത ഉഷ്ണതരംഗമാണ് കൃഷിയെ തകിടം മറിച്ചത്. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നതോടെ വാലന്റൈൻസ് ദിന വിപണി ലക്ഷ്യമിട്ട് വളർത്തിയ റോസാപ്പൂക്കൾ ഉൾപ്പെടെയുള്ളവ വ്യാപകമായി നശിച്ചു.
പൂച്ചെടികൾ കരിഞ്ഞുണങ്ങിയതിനെ തുടർന്ന് മിക്ക കർഷകർക്കും തങ്ങളുടെ വിളവിന്റെ പകുതിയിലധികം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. വിപണിയിൽ പ്രിയമേറിയ ചുവന്ന റോസാപ്പൂക്കളുടെ ഉൽപ്പാദനത്തെയാണ് ചൂട് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിരിക്കുകയാണ്.
വില കൂടും, പൂക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തും
പ്രാദേശികമായി ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ, വാലന്റൈൻസ് ദിനത്തിൽ പൂക്കൾക്ക് വൻ വിലക്കയറ്റമുണ്ടാകുമെന്ന് ഉറപ്പായി. ആവശ്യം നിറവേറ്റുന്നതിനായി മറ്റ് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ പൂക്കൾ ഇറക്കുമതി ചെയ്യേണ്ടി വരും. അധികമായി വരുന്ന ട്രാൻസ്പോർട്ടേഷൻ ചെലവ് കൂടി ചേരുന്നതോടെ ഉപഭോക്താക്കൾ വൻ തുക നൽകേണ്ടി വരും.
കാലാവസ്ഥാ വ്യതിയാനത്തിൽ ആശങ്ക
വർഷാവർഷം വർധിച്ചുവരുന്ന ചൂട് തങ്ങളുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതിൽ കർഷകർ വലിയ ആശങ്കയിലാണ്. കാലാവസ്ഥാ വ്യതിയാനം കാരണം വരും വർഷങ്ങളിലും ഇത്തരം കടുത്ത വേനൽ തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് ഇവർ. നിലവിലെ സാഹചര്യം നേരിടാൻ സർക്കാർ തലത്തിൽ സഹായങ്ങൾ വേണമെന്നും കർഷകർ ആവശ്യപ്പെടുന്നു.































