എറണാകുളം:ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന.ഇക്കാര്യം ഇന്നലത്തെ യോഗത്തിൽ ചർച്ചയായില്ല .വാർത്താസമ്മേളനത്തിൽ നിർമാതാക്കളാണ് ഇക്കാര്യം പറഞ്ഞത്.ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സർക്കാരിന് കൈമാറുമെന്നും പറഞ്ഞിരുന്നു.ചർച്ചചെയ്യാത്ത കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞതിലാണ് അതൃപ്തി.ഫെഫ്കയുടെ അതൃപ്തി നിർമാതാക്കളുടെ സംഘടനയെ ഇന്നലെത്തന്നെ അറിയിച്ചിട്ടുണ്ട്.സർക്കാരിന് പേരു നൽകിയാൽ തെളിവ് നൽകേണ്ടിവരും.ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെപ്പറ്റിയാണ് പ്രധാനമായും ചർച്ച വന്നതെന്ന് ഫെഫ്ക വൃത്തങ്ങൾ വ്യക്തമാക്കി.ഇക്കാര്യത്തിൽ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം മറ്റ് സംഘടനകളെ അറിയിച്ചു.അത് മറ്റുളളവരും അംഗീകരിക്കുകയായിരുന്നു.
പ്രതിഭയുള്ള നടന്മാരെന്ന് പ്രശംസ നേടിയവരെങ്കിലും ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും സിനിമ സംഘടനകളുമായുള്ള തർക്കത്തെ തുടർന്ന് പലകുറി വിവാദങ്ങളിൽ പെട്ടവരാണ്..ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് കേസെടുത്ത ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്. ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജ്ജുമായുള്ള ഉടക്കിൽ പരാതി നേരിട്ടിരുന്നു.സ്ഥിരം പ്രശ്നക്കാരായ അഭിനേതാക്കളെന്നാണ് ഷെയ്ൻ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും സിനിമ മേഖലയിൽ ആരോപിക്കപ്പെടുന്നത്.ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചവരെങ്കിലും വിവാദങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ല.മൂന്ന് വർഷം മുൻപാണ് നിർമ്മാതാവ് ജോബി ജോർജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ ഷെയ്ൻ നിഗം ആരോപിച്ചത്.
വെയിൽ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള തർക്കമായിരുന്നു കാരണം.മറ്റൊരു സിനിമയ്ക്കായി മുടി മുറിച്ചതാണ് നിർമ്മാതാവിനെ ചൊടിപ്പിച്ചതെന്നും ഇതിനെ തുടർന്ന് വധഭീഷണി മുഴക്കുന്നു എന്നുമായിരുന്നു താരത്തിന്‍റെ ആരോപണം.എന്നാൽ ഷെയ്ൻ പ്രതിഫല തുക കൂട്ടി ചോദിക്കുന്നുവെന്നും സിനിമയുടെ സഹകരിക്കുന്നില്ലെന്നുമായിരുന്നു നിർമ്മാതാവിന്റെ മറുപടി. സിനിമ സംഘടനകളിൽ പരാതി എത്തിയതോടെ ഒടുവിൽ അന്ന് സംസ്കാരിക മന്ത്രിയുടെ മുന്നിൽ വരെ ചർച്ച നീണ്ടു.ഒടുവിൽ സിനിമയുടെ എഡിറ്റിംഗിൽ ചില താരങ്ങൾ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് ഫെഫ്ക ആരോപിച്ച നടന്മാരുടെ പട്ടികയിലും ഷെയ്ൻ നിഗമുണ്ടായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ സെപ്റ്റംബറിൽ സിനിമ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ ഓൺലൈൻ അവതാരകയോട് മോശമായി പെരുമാറി എന്നതിലാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി എത്തിയത്.ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടന താരത്തെ വിലക്കി. അവതാരക കേസ് പിൻവലിച്ചതോടെ ആണ് അന്ന് പ്രശ്നങ്ങൾക്ക് പരിഹാരമായത്. എന്നാൽ ഇക്കുറി വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച സ്വരത്തിലാണ് അമ്മ സംഘടനയുടെ ഉൾപ്പടെ പിന്തുണയോടെ നിർമ്മാതാക്കൾ താരങ്ങൾക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്.