ഓസ്ട്രേലിയയിൽ കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് വെള്ളത്തിലൂടെ വലിയ ചങ്ങാടങ്ങൾ പോലെ തീ ഉറുമ്പുകൾ കൂട്ടമായി പല പ്രദേശങ്ങൾ വ്യാപിക്കുന്നതായി പരിസ്ഥിതി സംഘടനകൾ. ഇത് ഗുരുതര ഭീഷണി ഉയർത്തുന്നുണ്ടെന്ന് പരിസ്ഥിതി സംഘടനകൾ നൽകുന്ന മുന്നറിയിപ്പ്. മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ജീവഹാനി വരെ സംഭവിക്കുന്ന ആക്രമണകാരികളായ തീ ഉറുമ്പുകൾ അഥവാ ഫയർ ആന്റ്സ് തെക്കൻ മേഖലകളിലേയ്ക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ട്.
ന്യൂ സൗത്ത് വെയ്ൽസിലെ ബലീനയിൽ ഇവയുടെ കൂട് കണ്ടെത്തിയതിനെത്തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് തീ ഉറുമ്പുകളുടെ കടിയേറ്റ തൊഴിലാളിയുടെ ചിത്രം പുറത്തുവന്നിരുന്നു. തുടർന്ന് ആ സ്ഥലത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഈ മേഖലയിൽ നിന്നുള്ള മണ്ണോ കമ്പോസ്റ്റോ കൃഷി ഉപകരണങ്ങളോ പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി.
തീ ഉറുമ്പുകളെ കണ്ടെത്തുന്ന പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഈ മേഖലകൾക്ക്
പുറത്തേക്കും ഇവ വ്യാപിക്കാനാണ് സാധ്യതയെന്ന് ഇൻവാസിവ് സ്പീഷിസ് കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവയെ ഉന്മൂലനം ചെയ്യുന്നതിനായി നാഷനൽ ഫയർ ആന്റ് ഇറാഡിക്കേഷൻ പദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്.






























