മാഡ്രിഡ്: മാഡ്രിഡിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ട ഇബീരിയ എയർലൈൻസിന്റെ എയർബസ് എ321 എക്സ്എൽആര്‍ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്തുണ്ടായ പുകയും അടിയന്തിര സാഹചര്യവും മൂലം യാത്രക്കാർ വലിയ പരിഭ്രാന്തിയിലായി.
ഓഗസ്റ്റ് 3-ന് വൈകുന്നേരം 6:40-നാണ് മാഡ്രിഡ് ബരാജാസ് എയർപോർട്ടിൽ നിന്ന് വിമാനം പറന്നുയർന്നത്. പുറപ്പെട്ട് അഞ്ച് മിനിറ്റിനകം തന്നെ വിമാനം തിരിച്ച് വിമാനത്താവളത്തിലേക്ക് മടങ്ങി പറന്നു. പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ മുൻഭാഗത്തും ഒരു എൻജിനിലും വലിയ പക്ഷി ഇടിച്ചതായി ഇബീരിയ എയർലൈൻസ് സ്ഥിരീകരിച്ചു.
യാത്രക്കാരിൽ ഒരാളായ ജിയാൻകാർലോ സാൻഡോവൽ പകർത്തിയ വീഡിയോയിൽ വിമാനത്തിനുള്ളിൽ പുക നിറയുന്നതും യാത്രക്കാർ ഓക്സിജൻ മാസ്കുകൾ ഉപയോഗിക്കുന്നതും കാണാം. “ക്യാപ്റ്റൻ പറഞ്ഞത് പ്രകാരം ആകാശ ചുഴിയാണെന്നാണ് ആദ്യം ഞങ്ങൾ കരുതിയത്, പക്ഷേ പിന്നീട് ശബ്ദം കേൾക്കാൻ തുടങ്ങി… അപ്പോഴാണ് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയതെന്നും സാൻഡോവൽ പറഞ്ഞു.
യാത്രക്കാർക്ക് പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും, പൈലറ്റുമാരും ക്യാബിൻ ക്രൂവും അതീവ വൈദഗ്ധ്യത്തോടെ സാഹചര്യം കൈകാര്യം ചെയ്തുവെന്നും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തുവെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. പക്ഷിയിടിക്കുന്ന സംഭവങ്ങളിൽ പത്തിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വിമാനത്തിന് കേടുപാടുകൾ സംഭവിക്കാറുള്ളത്. എന്നാൽ ഈ അപകടത്തിൽ, ഒരു എഞ്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ ക്യാബിനിൽ പുക നിറഞ്ഞയുകയായിരുന്നു എന്നും അധികൃതർ അറിയിച്ചു.