സൗത്ത് ഓസ്ട്രേലിയയിൽ ഈ വർഷം ഫ്ലൂ വൈറസിന്റെ വ്യാപനം രൂക്ഷമാകുകയാണ്. 2025 ജൂലൈ ആദ്യവാരം വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 10,569 ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 6,212 കേസുകൾ മാത്രം ഉണ്ടായിരുന്നത്. ഇതോടെ ഏകദേശം 70 ശതമാനത്തോളം വർധനയാണ് ഇക്കഴിഞ്ഞ വർഷവുമായി താരതമ്യത്തിൽ രേഖപ്പെടുത്തുന്നത്.
രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രി സംവിധാനങ്ങൾക്കും ആംബുലൻസ് സേവനങ്ങൾക്കും വലിയ സമ്മർദ്ദമാണ് നേരിടേണ്ടിവന്നിരിക്കുന്നത്. സൗത്ത് ഓസ്ട്രേലിയയുടെ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ മാത്രം ആംബുലൻസുകൾ ആശുപത്രികളുടെ പുറത്ത് രോഗികളുമായി ദീർഘനേരം കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായി. ഇത് കഴിഞ്ഞ വർഷത്തെ റെക്കോർഡ് സമയത്തേക്കാൾ വളരെ ഉയർന്ന നിരക്കാണെന്നും അധികൃതർ വ്യക്തമാക്കി.
ഫ്ലൂ ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഈ വർഷം 1,042 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 673 പേരായിരുന്നു ചികിത്സ തേടിയത്. ആരോഗ്യ മന്ത്രി ക്രിസ് പിക്ടൺ ഫ്ലൂ കുത്തിവെപ്പ് സ്വീകരിക്കാൻ ജനങ്ങൾക്ക് ശക്തമായ ആഹ്വാനം നടത്തി. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെ ഈ വ്യാപനം സാരമായി ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ കുട്ടികളും മുതിർന്നവരുമാണ് മുൻപന്തിയിലുള്ളവർ.
സൗത്ത് ഓസ്ട്രേലിയയിൽ ഫ്ലൂ വാക്സിനേഷൻ സ്വീകരിച്ചവരുടെ ശതമാനം 32.1% ആയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിലൂടെ ന്യൂ സൗത്ത് വെയിൽസ് (26.8%) ക്വീൻസ്‌ലാൻഡ്, പടിഞ്ഞാറൻ ഓസ്ട്രേലിയ (25.8%) എന്നിവിടങ്ങളെ അപേക്ഷിച്ച് ഉയർന്ന സ്വീകരണ നിരക്കാണെന്ന് കാണുന്നു. എന്നാൽ, ശീതകാലത്ത് സ്ഥിതി കൂടുതൽ മോശമാകുമെന്ന് ആംബുലൻസ് യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ജനങ്ങളും ഉടൻ ഫ്ലൂ വാക്സിൻ സ്വീകരിക്കാനും കൈ ശുദ്ധിയും മാസ്‌ക് ഉപയോഗവും പാലിക്കാനും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടാനും നിർദ്ദേശിച്ചിട്ടുണ്ട്.































