‘ആറ്റിൽ കളഞ്ഞാലും അളന്നു കളയണം’ എന്നത് മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ്. എന്നാല്‍, എല്ലാ നാട്ടിലും ആ പഴഞ്ചൊല്ലില്ലെന്നതിന് തെളിവാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ഒരു വീഡിയോ തെളിയിക്കുന്നത്. സംഭവം ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറിലെ ഒരു വിവാഹ ചടങ്ങായിരുന്നു. വിവാഹത്തിനായി എത്തിയ അതിഥികളുടെ മുകളിലേക്ക് വരന്‍റെ കുടുംബം എറിഞ്ഞത് 20 ലക്ഷം രൂപ. ഒരു സംഘം ആളുകള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ജെസിബിയുടെ മുകളില്‍ കയറിയും അതിഥികളുടെ മേല്ക്ക് 100,200,500 രൂപകളുടെ നോട്ടുകള്‍ വലിച്ചെറിയുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒപ്പം രൂക്ഷ വിമർശനവും.
വീഡിയോയില്‍ ആകാശത്ത് നോട്ടുകള്‍ പാറിനടക്കുന്നതും അതിഥികള്‍ പണം ശേഖരിക്കാനായി തലങ്ങും വിലങ്ങും ഓടുന്നതും കാണാം. ഏതാണ്ട് 20 ലക്ഷം രൂപയോളം ഇത്തരത്തില്‍ അതിഥികളുടെ മുകളിലേക്ക് വലിച്ചെറിഞ്ഞ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിദ്ധാർത്ഥ് നഗറിലെ ദേവൽഹാവ ഗ്രാമത്തിൽ നിന്നുള്ള അഫ്സാലിന്‍റെയും അർമാന്‍റെയും വിവാഹത്തിൽ നിന്നുള്ള രംഗങ്ങളായിരുന്നു ഇതെന്ന് സോഷ്യൽ മീഡിയയിലെ കുറിപ്പുകള്‍ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.