സിഡ്‌നി: ഓസ്ട്രേലിയൻ നഗരങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉഷ്‌ണ തരംഗം മൂലം മരണ നിരക്ക് വർധിക്കാൻ സാധ്യതയെന്ന് പഠനം. ക്വീൻസ്ലാൻ്റ് സർവകലാശാലയും ഓസ്ട്രേലിയൻ നാഷനൽ യൂനിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഓസ്ട്രേലിയയിൽ ഉഷ്ണതരംഗങ്ങൾ മൂലമുണ്ടാകുന്ന മരണത്തിൽ വർധനവുണ്ടാകുമെന്ന് കണ്ടെത്തിയത്.
2009-ൽ തെക്കുകിഴക്കൻ ഓസ്ട്രേലിയയിലുണ്ടായ കടുത്ത ഉഷ്‌ണതരംഗ മരണ നിരക്കും പതിറ്റാണ്ടുകളായി ഉണ്ടാവുന്ന ഉഷ്‌ണ തരംഗത്തിൻ്റെ വിവരങ്ങളും വിശകലനം ചെയ്‌താണ് പഠന റിപ്പോർട്ട് തയാറാക്കിയത്.
ഓസ്ട്രേലിയയിലെ ഏതൊക്കെ പ്രദേശങ്ങളാണ് ഉഷ്‌ണതരംഗത്തിന് കൂടുതൽ ബാധിതമാവുന്നതെന്ന് കണ്ടെത്താൻ രണ്ട് പതിറ്റാണ്ടുകളിലെ ഡാറ്റയാണ് വിശകലനം ചെയ്തത്.
ഉഷ്ണതരംഗത്തിനിടെ മെൽബണിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനിലയായ 46.4 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ തുടർച്ചയായി 12 ദിവസം 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയും രേഖപ്പെടുത്തി. അഞ്ച് ദിവസത്തെ കൊടും ചൂടിൽ വിക്ടോറിയയിൽ 374 മരണങ്ങൾ ഉണ്ടായെന്നും കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണനിരക്ക് 20 ശതമാനം വർധിപ്പിച്ചെന്നും പഠനം പറയുന്നു
പ്രമേഹം പോലെയുള്ള രോഗങ്ങൾ, ആരോഗ്യ സേവനങ്ങളുടെ പരിമിതമായ ലഭ്യത എന്നീ ഘടകങ്ങൾ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുന്നതിന് കാരണമാവുന്നെന്നും കണ്ടെത്തി. റോഡുകൾ. കെട്ടിടങ്ങൾ, റെയിൽവേ ലൈനുകൾ തുടങ്ങിയ ചൂട് കൂടുതൽ ആഗിരണം ചെയ്യുന്ന പ്രതലങ്ങളുടെ സാന്നിധ്യവും നഗരങ്ങളിലെ ഉയർന്ന അപകടസാധ്യതക്ക് കാരണമാണെന്ന് പഠനത്തിൻ്റെ സഹ രചയിതാവായ പാട്രിക് അമോട്ടി പറഞ്ഞു.































