തിരുവനന്തപുരം: രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ നാളെ വിധി കുറിക്കാൻ പോളിംഗ് ബൂത്തിലെത്തും. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥികളും നേതാക്കളും. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നെട്ടോട്ടം ഇന്ന് കൊണ്ട് അവസാനിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ഏഴ് ജില്ലകളില്‍ മുമ്പെങ്ങും കാണാത്തവിധം പ്രചാരണത്തില്‍ ആളും ആരവവും ആവേശവും പ്രകടമായിരുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചു പിടിക്കാനും അട്ടിമറിക്കാനുമായി സ്ഥാനാര്‍ഥികളും മുന്നണികളും കളം നിറഞ്ഞതോടെ ഗോദയില്‍ വികസനം മുതല്‍ അഴിമതി വരെ ചര്‍ച്ചയായി.
36630 സ്ഥാനാര്‍ഥികൾ ജനവിധി തേടുന്നു
തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ഇന്ന് രാവിലെ 9 മണി മുതൽ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേയ്ക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയലധികം വോട്ടര്‍മാര്‍ക്കായി 15432 പോളിങ് സ്റ്റേഷനുകളുണ്ട്. 480 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്. ഇവിടങ്ങളിൽ പ്രത്യേക പൊലീസ് സുരക്ഷയും വെബ് കാസ്റ്റിങ്ങും വീഡിയോ ഗ്രാഫിയും ഉണ്ടാകും. രണ്ടു ഘട്ടങ്ങളിലായി പോളിങ്ങിന് 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പൊലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.































