ദില്ലി: യുഎസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി മൊബൈൽ ഫോൺ വിപണിയായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട്. ചൈനയാണ് പട്ടികയിൽ ഒന്നാമത്. കൗണ്ടർപോയിൻ്റ് റിസർച്ച് പ്രകാരം 2024-ൻ്റെ ആദ്യ പകുതിയിൽ ആഗോള 5ജി ഹാൻഡ്‌സെറ്റ് കയറ്റുമതി 20 ശതമാനം വർധിച്ചു. ആപ്പിളാണ് ഏറ്റവും കൂടുതൽ 5ജി ഫോൺ കയറ്റുമതി ചെയ്തത്. ലോകത്തെ മൊത്തം 5ജി ഫോൺ കയറ്റുമതിയിൽ 25 ശതമാനം വിപണി വിഹിതവും ആപ്പിളിന്റേതാണ്.
5ജി ഹാൻഡ്‌സെറ്റ് കയറ്റുമതി ക്രമാനുഗതമായി വളരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വർഷത്തിന്റെ ആദ്യ പകുതിയിൽ യുഎസിനെ പിന്തള്ളി ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ 5ജി ഹാൻഡ്‌സെറ്റ് വിപണിയായി മാറി. ബജറ്റ് വിഭാഗത്തിലെ ഷിഓമി, വിവോ, സാംസങ്, തുടങ്ങിയ ബ്രാൻഡുകളാണ് ഇന്ത്യയിൽ പ്രിയമെന്ന് സീനിയർ അനലിസ്റ്റ് പ്രാചിർ സിംഗ് പറഞ്ഞു. ഗാലക്‌സി എ സീരീസും എസ് 24 സീരീസും ഉൾപ്പെടുന്ന സാംസങ് 21 ശതമാനത്തിലധികം വിഹിതം പിടിച്ചെടുത്ത് രണ്ടാം സ്ഥാനത്തെത്തി. 2024 ൻ്റെ ആദ്യ പകുതിയിൽ 5ജി മോഡലുകളുടെ ആദ്യ 10 പട്ടികയിൽ ആപ്പിളും സാംസങ്ങും അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആപ്പിൾ ആദ്യ നാല് സ്ഥാനങ്ങൾ നേടി.
മൊത്തത്തിലുള്ള ആഗോള നെറ്റ് ആഡുകളുടെ 63 ശതമാനവും ഏഷ്യ-പസഫിക് മേഖലയിലാണ്. കൂടാതെ 58 ശതമാനം 5ജി കയറ്റുമതി വിഹിതവും ഏഷ്യയിൽ തന്നെ. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലും, 5ജി ഹാൻഡ്‌സെറ്റ് കയറ്റുമതിയിൽ വലിയ വളർച്ചയുണ്ടായി.