ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ വലഞ്ഞ് ഇന്ത്യയിലെ എഫ്എംസിജി കമ്പനികളും. സഫോള, പാരച്യൂട്ട് ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ മാരികോയ്ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്. മാരികോയുടെ ആകെ വരുമാനത്തിന്‍റെ 12 ശതമാനവും ബംഗ്ലാദേശില്‍ നിന്നാണ്. ഇതോടെ മാരികോയുടെ ഓഹരി വിലയിലും ഇടിവുണ്ടായി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഏതാണ്ട് 5 ശതമാനം നഷ്ടമാണ് മാരികോ ഓഹരി വിലയിലുണ്ടായത്. 1999 മുതല്‍ മാരികോയുടെ അനുബന്ധ സ്ഥാപനം ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2009ല്‍ മാരികോ ധാക്ക സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ഗാസിപൂര്‍ , ധാകക് എന്നിവിടങ്ങളിലായി കമ്പനിക്ക് രണ്ട് ഫാക്ടറികളുണ്ട്. അഞ്ച് ഡിപ്പോകളും കമ്പനിക്ക് രാജ്യത്തുണ്ട്. ബംഗ്ലാദേശിലെ ഏറ്റവും വലിയ മൂന്ന് എഫ്എംസിജി കമ്പനികളില്‍ ഒന്നാണ് മാരികോ.
ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഇമാമി, ഡാബർ, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ നിരവധി എഫ്എംസിജി കമ്പനികൾക്ക് ബംഗ്ലാദേശിൽ സാന്നിധ്യമുണ്ട്. എന്നാൽ ഈ കമ്പനികളുടെ പ്രധാന വരുമാന സ്രോതസല്ല ബംഗ്ലാദേശ് എന്നതിനാൽ സംഘർഷത്തിന്റെ ആഘാതം കുറവാണ്. മിക്ക എഫ്എംസിജി കമ്പനികളുടെയും ഓഹരികളിൽ ചൊവ്വാഴ്ച വലിയ ഇടിവ് ഉണ്ടായില്ല. ബംഗ്ലാദേശിന് പുറമേ നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളിലും ഈ കമ്പനികള്‍ക്ക് സജീവ സാന്നിധ്യമുണ്ട്. നേരത്തെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി കൊടുമ്പിരികൊണ്ടപ്പോഴും ഈ കമ്പനികളുടെ വില്‍പന ബാധിക്കപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഇന്ത്യന്‍ കമ്പനികളെ എത്രത്തോളം ബാധിച്ചുവെന്നത് അറിയാന്‍ ഇനിയും ദിവസങ്ങളെടുക്കും.