ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് , സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പെൻഷൻകാർ തങ്ങളുടെ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുൻപാകെ സമർപ്പിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നത് തുടരുന്നതിനായി എല്ലാ വർഷവും ഈ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന രേഖയാണിത്. ഇന്ത്യയിലെ പെൻഷൻ വിതരണ ഏജൻസികൾക്ക് ഈ സർട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിച്ചാൽ മാത്രമേ തുടർന്നുള്ള പെൻഷൻ തുക അനുവദിക്കുകയുള്ളൂ.
പെൻഷൻകാർക്ക് സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ടെത്തി കൺസുലാർ ഓഫീസർക്ക് മുൻപാകെ ഒപ്പുവെച്ചോ അല്ലെങ്കിൽ ഒപ്പിട്ട അപേക്ഷാ ഫോമുകൾ തപാൽ വഴിയോ സമർപ്പിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം:
ആവശ്യമായ അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യുക.
ഫോമുകൾ കൃത്യമായി പൂരിപ്പിക്കുക.
പാസ്പോർട്ട്, പി.പി.ഒ (പെൻഷൻ പേയ്മെന്റ് ഓർഡർ) എന്നിവയുടെ പകർപ്പുകൾ, ഫോട്ടോ തുടങ്ങിയ രേഖകൾ തയാറാക്കുക.
പൂരിപ്പിച്ച ഫോമും ആവശ്യമായ രേഖകളും സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കുക.
തപാൽ വഴി അപേക്ഷിക്കുന്നവർ ഒറിജിനൽ പാസ്പോർട്ടിന് പകരം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ മാത്രം അയച്ചാൽ മതിയാകും. പെൻഷൻ ആവശ്യങ്ങൾക്കായുള്ള ലൈഫ് സർട്ടിഫിക്കറ്റ് കോൺസുലേറ്റ് തികച്ചും സൗജന്യമായാണ് നൽകുന്നത്. പുതിയ ഫോമുകൾക്കും പ്രവർത്തന സമയത്തിനും കൺസുലാർ ക്യാമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾക്കുമായി സിഡ്നി ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.


























