ഓസ്ട്രേലിയൻ മലയാളി സമൂഹത്തിൽ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ട് ഒരു ദശാബ്ദം പിന്നിടുന്ന തൂലിക സാഹിത്യവേദി പത്താം വാർഷികം ആഘോഷിക്കുന്നു. ‘VERBA MANENT – WORDS REMAIN’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷ സംഗമം 2026 നവംബർ 14 ശനിയാഴ്ച മെൽബണിലെ ലിൻബ്രൂക്ക് കമ്മ്യൂണിറ്റി സെന്ററിൽ (Lynbrook Community Centre) വെച്ച് നടക്കും.
2016-ൽ പ്രിയകവി ബാലചന്ദ്രൻ ചുള്ളിക്കാട് മെൽബണിൽ തുടക്കം കുറിച്ച തൂലിക സാഹിത്യവേദി, കഴിഞ്ഞ പത്തു വർഷമായി എഴുത്തുകാരെയും വായനക്കാരെയും സാഹിത്യപ്രേമികളെയും ഒരുമിപ്പിക്കുന്ന സജീവ സാംസ്കാരിക വേദിയായി പ്രവർത്തിച്ചുവരികയാണ്. ഒരു ദശാബ്ദക്കാലത്തെ ഈ സാഹിത്യയാത്രയുടെ ആഘോഷവേളയിൽ വിശിഷ്ടാതിഥിയായി പ്രശസ്ത എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാൽ പങ്കെടുക്കും.
വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രധാന പരിപാടിക്ക് മുന്നോടിയായി ‘ReelsTalk – From Page to Frame’ എന്ന പേരിൽ പ്രത്യേക ക്രിയേറ്റീവ് വർക്ഷോപ്പും ഒരുക്കിയിട്ടുണ്ട്. തിരക്കഥാരചന, കഥപറച്ചിൽ, അഭിനയം എന്നീ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ ശിൽപ്പശാലയ്ക്ക് മധുപാൽ നേതൃത്വം നൽകും. കഥയുടെ ആശയരൂപീകരണം മുതൽ അത് ചലച്ചിത്രാവിഷ്കാരത്തിലേക്കും അഭിനയത്തിലേക്കും എത്തുന്ന സർഗാത്മക യാത്രയെ പരിചയപ്പെടുത്തുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യം. തിരക്കഥാകൃത്തുക്കൾ, സംവിധായകർ, അഭിനേതാക്കൾ, കഥാകൃത്തുകൾ എന്നിവർക്ക് സാഹിത്യവും സിനിമയും തമ്മിലുള്ള സർഗാത്മക ബന്ധം അടുത്തറിയാനും ചലച്ചിത്രനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഈ വേദി അവസരമൊരുക്കും.
ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ReelsTalk വർക്ഷോപ്പ് നടക്കുക. തുടർന്ന് വൈകിട്ട് 5.30-ന് തൂലിക സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷ പരിപാടികൾ ആരംഭിക്കും. രണ്ട് പരിപാടികളും ലിൻബ്രൂക്ക് കമ്മ്യൂണിറ്റി സെന്ററിലാണ് നടക്കുന്നത്. വാർഷികാഘോഷത്തിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്നതിനൊപ്പം വരുംകാല സാഹിത്യ-സാംസ്കാരിക ഇടപെടലുകൾക്ക് പുതിയ ദിശാബോധം നൽകുന്ന സംഗമമായിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +61 421 502 955 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.






























