വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് എല്ലാവരും എപ്പോഴും പറയാറുള്ളതാണ്. മിക്കവാറും ബൈക്കുകളുടെ കാര്യത്തിലാണ് ഇത് പറയാറുള്ളത്. ഷാൾ, സാരി എന്നിവയൊക്കെ ധരിച്ച് ബൈക്കിൽ പോകുമ്പോൾ ശ്രദ്ധിക്കണമെന്നും പറ്റുമെങ്കിൽ അവ ഒഴിവാക്കി മറ്റ് വസ്ത്രങ്ങൾ തെരഞ്ഞെടുക്കണമെന്നും മിക്കവാറും ആളുകൾ പറയാറുണ്ട്. എന്നാൽ, പലരും അത് ഗൗനിക്കാറില്ല. എന്നാൽ, കാറിൽ യാത്ര ചെയ്യുമ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ അത് അപകടത്തിലേക്ക് പോകുമെന്നും പറയുകയാണ് ഒരു ഇൻഫ്ലുവൻസർ. അതുമായി ബന്ധപ്പെട്ട പോസ്റ്റ് അവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുള്ള ഫാഷൻ ക്രിയേറ്ററായ എലെ മൗൾട്ടൺ ആണ് വീഡിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 11 -ന്, ഗ്ലെനെൽഗ് ബിഎംഡബ്ല്യുവിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഈ അപകടം സംഭവിച്ചത് എന്നും എലെ പറയുന്നു. വസ്ത്രത്തിനൊപ്പം ഒരു നീളമുള്ള സ്കാർഫും എലെ ധരിച്ചിരുന്നു. അത് ഓടുന്ന കാറിൽ കുടുങ്ങുകയും തന്റെ കഴുത്ത് തന്നെ മുറിഞ്ഞ് പോകുന്ന അവസ്ഥയുണ്ടായി എന്നുമാണ് എലെ വെളിപ്പെടുത്തുന്നത്.
ഒരു കറുത്ത ഗൗണാണ് എലെ അന്ന് ധരിച്ചിരിക്കുന്നത് എന്ന് കാണാം. അതിനൊപ്പം അതിന് ചേരുന്ന ഒരു സ്കാർഫും അവർ ധരിച്ചിട്ടുണ്ട്. അതാണ് തന്റെ കഴുത്തിൽ കുരുങ്ങിപ്പോയത് എന്നാണ് അവർ പറയുന്നത്. ഏതെങ്കിലും വലിയ യന്ത്രത്തിൽ കയറുമ്പോഴോ പ്രവർത്തിപ്പിക്കുമ്പോഴൊ ഒക്കെ അതിന് മുമ്പായി കഴുത്തിൽ നിന്നും സ്കാർഫുകൾ ഊരിമാറ്റുക. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറിനടിയിൽ സ്കാർഫ് കുടുങ്ങി തന്റെ തല മുറിഞ്ഞ് പോകാനായിരുന്നു എന്നാണ് വീഡിയോയുടെ കാപ്ഷനിൽ യുവതി പറയുന്നത്. അവരുടെ കഴുത്തിൽ ചുവന്ന പാടുകളും കാണാം.
ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയത്. കൂടുതൽ അപകടം സംഭവിക്കാത്തതിൽ പലരും ആശ്വാസം പ്രകടിപ്പിച്ചു.