അഹമ്മദാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഗുജറാത്ത് ടൈറ്റന്‍സ് താരം കെയ്ന്‍ വില്യംസണ്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചിരുന്നു. വലത് കാല്‍മുട്ടിന് പരിക്കേറ്റതിന് തുടര്‍ന്ന് അദ്ദേഹത്തിന് ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാവുമെന്ന് സ്ഥിരീകരണമുണ്ടായിരുന്നു. പിന്നാലെയാണ് ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ വില്യംസണ്‍ മടങ്ങിയത്. താരത്തിന്റെ വലത് കാല്‍മുട്ട് പ്രത്യേകതരം ബെല്‍റ്റില്‍ പൊതിഞ്ഞിട്ടുണ്ട്. ക്രച്ചസിന്റെ സഹായത്താലാണ് നടക്കുന്നത്. വില്യംസണ്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. തന്നെ പരിചരിച്ചവരോടും സ്നേഹാന്വേഷണം നടത്തിയവരോടും അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്.
ന്യൂസിലന്‍ഡിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് കാറിലേക്ക് നടന്നുപോകുന്ന വീഡിയോയാണിത്. ഒരു കാല് നിലത്ത് കുത്താതെ ക്രച്ചസിന്റെ സഹായത്തോടെയാണ് വില്യംസണ്‍ നടക്കുന്നത്. വേദനിപ്പിക്കുന്ന കാഴ്ച്ചയെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറയുന്നത്. വില്യംസണ് എത്രത്തോളം വിശ്രമം വേണ്ടിവരുമെന്നുള്ള കാര്യം ഉറപ്പായിട്ടില്ല. എന്തായാലും പെട്ടന്ന് തിരിച്ചുവരാനാവട്ടെയെന്ന് ക്രിക്കറ്റ് ലോകം പ്രാര്‍ത്ഥിക്കുന്നു.