ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാൻ. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം തങ്ങളുടെ ആക്രമണമല്ലെന്നും മറിച്ച് കുവൈറ്റിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്നും ഐആർജിസി വക്താവ് അവകാശപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ കടുത്ത യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതും ഇതേത്തുടർന്ന് വലിയ രീതിയിലുള്ള അന്താരാഷ്ട്ര ചർച്ചകൾക്ക് ഇത് വഴിവെച്ചതും. തങ്ങളുടെ സൈന്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളെല്ലാം ഇറാൻ പൂർണ്ണമായി നിഷേധിക്കുകയാണ്. ശത്രു മിസൈലുകളെ പ്രതിരോധിക്കാൻ സ്ഥാപിച്ച അമേരിക്കൻ സിസ്റ്റത്തിന്റെ തന്നെ പിഴവാണ് വിമാനത്താവളത്തിൽ പതിക്കാൻ കാരണമായതെന്നാണ് ഇറാന്റെ പുതിയ വാദം. എന്നാൽ ഈ വാദം അമേരിക്ക നിഷേധിച്ചിട്ടുണ്ട്.
ബെയ്റൂട്ടിനെ ആക്രമിക്കാൻ അനുവദിക്കില്ല
അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് നേരെ ഇസ്രായേലിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ ആക്രമണവും അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും നിശബ്‍ദമായിരിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ലെബനൻ മാധ്യമമായ അൽ മായാദീന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ഈ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. ബെയ്റൂട്ടിന് നേരെയുണ്ടാകുന്ന ഏത് ആക്രമണവും അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത് മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധം വീണ്ടും ആരംഭിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലെബനനിലേക്കുള്ള സൈനിക അധിനിവേശം ശക്തമാക്കുന്നതിന്റെ ഭാഗമായി ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ബോംബാക്രമണം നടത്തുമെന്ന് ഇസ്രായേൽ കടുത്ത ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. ഇസ്രായേൽ ഭീഷണി ഉയർത്തിയ ആ നിമിഷം തന്നെ തങ്ങൾ കൃത്യമായ തീരുമാനമെടുത്തതായും തിരിച്ചടിക്കാൻ തക്കവണ്ണം ഇറാന്റെ സായുധ സേനയെ പൂർണ്ണ സജ്ജമാക്കി നിർത്തിയിരുന്നതായും വിദേശകാര്യ മന്ത്രി വെളിപ്പെടുത്തി.






























