ഗസ്സ: ദക്ഷിണ ഗസ്സ നഗരമായ ഖാൻ യൂനിസിലെ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് യു.എൻ. അല്‍-അമല്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തിലാണ് യു.എൻ മനുഷ്യാവകാശ ഏജൻസിയുടെ ഗസ്സയിലെ ചുമതലക്കാരി ജെമ്മ കോണേല്‍ പ്രതികരിച്ചിരിക്കുന്നത്.
ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ലോകം തലതാഴ്ത്തണമെന്ന് കോണേല്‍ പറഞ്ഞു. അഞ്ച് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ച് വയസുള്ള കുട്ടിയും ഉള്‍പ്പെടും. ഫലസ്തീൻ റെഡ് ക്രസന്റിന്റെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയുടെ റൂഫില്‍ റെഡ് ക്രെസന്റിന്റെ എംബ്ലവും ഉണ്ടായിരുന്നുവെന്ന് ജെമ്മ കോണല്‍ വ്യക്തമാക്കി.
ഒരു കുട്ടിയും യുദ്ധത്തില്‍ കൊല്ലപ്പെടരുത്. മാനുഷിക സംഘടനക്ക് കീഴില്‍ അഭയം തേടിയ കുട്ടിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് കുട്ടികള്‍ ജീവിക്കുന്ന ഇടമാണ്. പക്ഷേ കുട്ടികള്‍ക്ക് ഇവിടത്തെ ഒരു സ്ഥലവും സുരക്ഷിതമല്ല. ഇതോര്‍ത്ത് ലോകം ലജ്ജിക്കണമെന്ന് ജെമ്മ കോണേല്‍ പറഞ്ഞു.
ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീൻ പൗരന്മാരുടെ എണ്ണം 22,185ലേക്ക് ഉയര്‍ന്നു. 57,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ 15 ആക്രമണങ്ങള്‍ ഗസ്സയില്‍ നടത്തിയതായും 207 പേര്‍ കൊല്ലപ്പെട്ടതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 338 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ മാത്രം 4,156 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 381 സ്കൂളുകള്‍ പൂര്‍ണമായോ ഭാഗികമായോ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. അതേസമയം, ഇസ്രായേല്‍ കരസേനക്കെതിരെയുള്ള ഹമാസിന്‍റെ തിരിച്ചടിയില്‍ 173 സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടു.






























