കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഹേവാര്‍ഡിലുള്ള വിജയ് ഷെരാവലി ക്ഷേത്രത്തിനു നേരെയാണ് ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം ഉണ്ടായത്.
ക്ഷേത്ര ചുവരുകളിലും ബോര്‍ഡുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കി. കാലിഫോര്‍ണിയയിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്ന് രണ്ടാഴ്ചയ്‌ക്കുള്ളിലും, സമീപമുള്ള ശിവദുര്‍ഗ ക്ഷേത്രത്തില്‍ മോഷണം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷവുമാണ് വീണ്ടും ആക്രമണമുണ്ടായത്. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് (എച്ച്‌എഎഫ്) ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ക്ഷേത്രം അധികൃതരുമായും പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാൻ അനുകൂലികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് സുരക്ഷാ ക്യാമറകളും അലാറം സംവിധാനങ്ങളും ക്ഷേത്രങ്ങളില്‍ സ്ഥാപിക്കണമെന്നും എച്ച്‌എഎഫ് അറിയിച്ചു.